നന്ദി അറിയിച്ച് എംപിയുടെ പര്യടനം, കുടുംബ സമേതം ആറ്റിങ്ങലിൽ താമസിക്കുമെന്നും അടൂർ പ്രകാശ്

കടയ്ക്കാവൂർ: വരുത്തനെന്ന പ്രചാരണമില്ലാതാക്കാൻ ആറ്റിങ്ങലിൽ ഓഫീസിനും കുടുംബ സമേതം താമസിക്കാനും കെട്ടിടം എടുത്തതായും പത്തിന് ഒാഫീസ് പ്രവർത്തിച്ചുതുടങ്ങുമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. വക്കത്തെ സമ്മതിദായകർക്ക് നന്ദി പ്രകാശിപ്പിക്കാൻ ചാമ്പാൻവിള ലക്ഷംവീട് കോളനിയിൽ നിന്നാരംഭിച്ച വാഹനയാത്രയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിക്കാൻ വന്നപ്പോഴെ താൻ വരുത്തനാണെന്ന് മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചിരുന്നു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ന്യായമായ ആവശ്യങ്ങൾക്ക് ഒപ്പമുണ്ടാകും. പരമാവധി വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കും. മണ്ഡലത്തിലെ ഇരുപത്തി അഞ്ചോളം കേന്ദ്രങ്ങളിൽ ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ഡി.സി.സി സെക്രട്ടറി വക്കം സുകുമാരൻ, ബ്ളോക്ക് പ്രസിഡന്റ് അമ്പിരാജ്, ഡി.സി.സി അംഗം ജോഷി, ഇലക്ഷൻ കൺവീനർ ജലപതി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ, ഐ.എൻ.ടി.യു.സി നേതാവ് യു.പ്രകാശ് തുടങ്ങിയവർ എം.പി യോടൊപ്പമുണ്ടായിരുന്നു.