സുമനസ്സുകളുടെ ചികിത്സാ സഹായം കാത്ത് നിൽക്കാതെ അജ്മൽ യാത്രയായി, വേദനയോടെ അല്ലാതെ ഈ മരണം ഉൾക്കൊള്ളാൻ ആകില്ല…

ഇടവ: കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം അജ്മലിന് വേണ്ടി സഹായം അഭ്യർത്ഥിച്ച് വാർത്ത നൽകിയിരുന്നു. എന്നാൽ ആ സഹായം ഏറ്റുവാങ്ങാൻ നിൽക്കാതെ അജ്മൽ യാത്രയായി. ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. ഇടവ, മാന്തറ, പണമുട്ടത്ത് അജ്മൽ(33) ആണ് വാൽവ് തകരാർ സംഭവിച്ച് ചികിത്സയിൽ ആയിരിക്കെ യാത്രയായത്. ശ്രീ ചിത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജ്മൽ കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങൽ വാർത്താ ഡോട്ട് കോമിനെ ഫോണിൽ ബന്ധപ്പെട്ട് ചികിത്സാ സഹായം അഭ്യർത്ഥിച്ച് വാർത്ത നൽകണമെന്ന് അറിയിച്ചത്. ദുരിതം നിറഞ്ഞ കണ്ണീർ കഥയാണ് അജ്മൽ പങ്കുവെച്ചത്.

അജ്മലിന്15ആം വയസിൽ വാൽവിന് സർജറി ചെയ്തതാണ്. അതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർന്ന് ചികിത്സ ചെയ്യാൻ സാധിച്ചില്ല. മരുന്നും മുടങ്ങി. ഇതിനിടയിൽ അജ്മലിന്റെ പിതാവിന് ബ്രെയിൻ ട്യൂമർ പിടിപെടുകയും ചികിത്സ നടന്നു വരവേ പിതാവ് മരണപ്പെടുകയും ചെയ്‌തു. വർഷങ്ങൾക്ക് ശേഷം വീണ്ടും അജ്മലിന് നെഞ്ച് വേദന വന്നു. ആശുപത്രിയിൽ കാണിച്ചപ്പോൾ ഒരു വാൽവ് നഷ്ട്ടപെട്ടു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. വാൽവ് മാറ്റിവെക്കണം എന്നും ഡോക്ടർ അറിയിച്ചു. അതിന് 15 ലക്ഷം രൂപ ആകുമെന്നും പറഞ്ഞു. അജ്മലിന്റെ മാതാവ് ഒരു കാൻസർ രോഗിയാണ്. കോട്ടയത്ത് ഒരു ഹോട്ടലിൽ സപ്ലയർ ആയി ജോലി നോക്കി കുടുംബം പോറ്റിയിരുന്ന അജ്മൽ ആശുപത്രിയിൽ ആയതോടെ അജ്മലിന്റെ 3 കുഞ്ഞു മക്കളും ഭാര്യയും മാതാവും പട്ടിണിയിലായി. മാത്രമല്ല മാതാവിന് മരുന്നും മുടക്കമായി. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത കുടുംബം അജ്മലിന്റെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് കാത്തിരുന്നപ്പോൾ വേദനകൾ ബാക്കിയാക്കി അജ്മൽ പോയി. അജ്മലിന് 3 ആൺ മക്കളാണ്. മൂത്ത മോന് 5 വയസ്സും ഇളയ കുട്ടിക്ക് 3 വയസ്സുമാണ് പ്രായം.