മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവം :അഞ്ചുതെങ്ങിൽ നാട്ടുകാർ തീരദേശപാത ഉപരോധിച്ചു.

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി അഞ്ചുദിവസം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാരോപിച്ച് നാട്ടുകാർ തീരദേശപാത ഉപരോധിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് അഞ്ചുതെങ്ങ്-പെരുമാതുറ തീരദേശപാത നൂറോളം വരുന്ന മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പ്രദേശവാസികൾ രണ്ടുമണിക്കൂറോളം റോഡ് ഉപരോധിച്ചു. കഴിഞ്ഞ 20-നാണ് ശക്തമായ തിരയടിയിൽ വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീണ് അഞ്ചുതെങ്ങ് കുന്നുംപുറത്തുവീട്ടിൽ കാർലോസ് (48) നെ കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആറുമണിക്ക് അഞ്ചുതെങ്ങ് കുരിശ്ശടിക്ക് സമീപത്തുനിന്നാണ് കാർലോസുൾപ്പെടെ ആറുപേരടങ്ങുന്ന മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോയത്. ശക്തമായ തിരയടിയിൽ കാർലോസും മറ്റൊരാളും വെള്ളത്തിലേക്ക്‌ തെറിച്ചുവീഴുകയായിരുന്നു. ഒരാൾ നീന്തി കരയ്ക്കു കയറി. ശക്തമായ ചുഴിയിൽപ്പെട്ട് കാർലോസിനെ കാണാതാവുകയായിരുന്നു. മറൈൻ എൻഫോഴ്‌സ്‌മെന്റും അഞ്ചുതെങ്ങ് പോലീസും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നേവിയുടെ സഹായമഭ്യർഥിച്ച് കാർലോസിന്റെ ബന്ധുക്കളും നാട്ടുകാരും അധികൃതരെ സമീപിച്ചെങ്കിലും അഞ്ചുദിവസമായിട്ടും സഹായം ലഭിച്ചില്ലെന്നാരോപിച്ചാണ് നാട്ടുകാർ തീരദേശപാത ഉപരോധിച്ചത്.

അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ പിന്മാറാൻ തയാറായില്ല.  ഉടൻ നടപടി എടുക്കുമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.