ടാർപോളിൻ കെട്ടി താമസിക്കുന്ന കുടുംബത്തിന് എ.പി.എൽ കാർഡ്, ഇവരുടെ ദുരിത ജീവിതം ഇങ്ങനെ

തൊളിക്കോട് : തൊളിക്കോട് പഞ്ചായത്തിലെ മലയടി വാർഡിലെ പൊൻപാറ സെറ്റിൽമെന്റിലാണ് രാജേഷും ഭാര്യയും മൂന്നു മക്കളും ഉൾപ്പെടുന്ന കുടുംബം താമസിക്കുന്നത്. വർഷങ്ങളായി ഇവർ കെട്ടുറപ്പുള്ള ഒരു വീടിനു വേണ്ടി ഊരുകൂട്ടങ്ങളിലും പഞ്ചായത്ത് അധികൃതരുടെ മുന്നിലും ഐ.ടി.ഡി.പി യിലും അപേക്ഷകൾ കൊടുക്കുന്നു. കഴിഞ്ഞ ദിവസം മരം ഒടിഞ്ഞു വീണ് ആകെ ഉള്ള ടാർപോളിൻ കൊണ്ട് ഉണ്ടാക്കിയ ചെറിയ കുടിലും തകർന്നു. വിവരങ്ങൾ അറിയിച്ചിട്ടും വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും കുന്നിന്റെ മുകളിൽ കയറി വരാനുള്ള ബുദ്ധിമുട്ട് പറഞ്ഞ് അവഗണിക്കുന്നതായി രാജേഷ് പറയുന്നു. തെരെഞ്ഞെടുപ്പ് സമയത്ത്‌ വലിയ വാഗ്ദാനങ്ങൾ നൽകി ആദിവാസി ഊരുകളിൽ കയറിയിറങ്ങി നിഷ്കളങ്കരായ അവരോടൊപ്പം ആഹാരവും കഴിച്ച് പോയവർ പിന്നെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്

ജനപ്രതിനിധികൾ അവരുടെ പേര് പ്രദർശിപ്പിക്കുവാൻ വേണ്ടി മാത്രം ലക്ഷങ്ങൾ മുടക്കി വെയിറ്റിങ് ഷെഡുകൾ മോടി പിടിപ്പിക്കുന്ന നാട്ടിലാണ് പാവപ്പെട്ട ഈ കുടുംബം സുരക്ഷിതമായ ഒരു വീടില്ലാതെ കാഷ്ഠത അനുഭവിക്കുന്നത്.മഴയത്ത് മലയിൽ നിന്ന് കല്ലുകൾ ഇളകി വന്ന്‌ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഇവരെ ഭയപ്പെടുത്തുന്നു. അപകടകരമായ ചെങ്കുത്തായ കയറ്റം കയറി ഈ കുടിലിലേക്ക് ഒന്നു പോയാൽ മാത്രമേ കുഞ്ഞു കുട്ടികൾ ഉള്ള ഈ കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസ്സിലാവുകയുള്ളൂ. രോഗങ്ങൾ കാരണം രാജേഷിന് സ്ഥിരമായി ജോലിക്ക് പോകുവാൻ കഴിയുന്നില്ല. ഈ കുടുംബത്തിന് മറ്റ്‌ വരുമാനങ്ങളുമില്ല. കോടികൾ ആസ്തി ഉള്ളവർക്ക് വരെ ബി.പി.എൽ റേഷൻ കാർഡ് കിട്ടിയ നാട്ടിൽ ഇവരുടെ കാർഡ് എ.പി.എൽ ആണ്.