ആധുനിക സജ്ജീകരണങ്ങൾ ഉൾപ്പെടുത്തി പണികഴിപ്പിച്ച ആര്യനാട് പൊതു ചന്ത ജൂലൈ ഒന്നുമുതൽ

ആര്യനാട്: ആര്യനാട്ട് ആധുനിക സജ്ജീകരണങ്ങളോടെ പണികഴിപ്പിച്ച പൊതുചന്ത ജൂലായ് ഒന്നിന് പ്രവർത്തനം ആരംഭിക്കും. കച്ചവടക്കാരുടെയും ചന്തയിലെത്തുന്നവരുടെയും ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പണിമുഴുവൻ പൂർത്തിയായി ഉദ്ഘാടനം നടക്കുന്നത്.

ഒരുവർഷം മുൻപാണ് ചന്തയുടെ നിർമാണം ആരംഭിച്ചത്. മലിനജലവും ചെളിയുംനിറഞ്ഞ് ചന്തയിലേക്ക് കടക്കാൻപോലും സാധിക്കാൻ കഴിയാതെ വന്നതോടെ പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്താണ് ചന്ത നവീകരണത്തിന് ഫണ്ട് അനുവദിച്ചത്.

ആധുനിക സൗകര്യങ്ങളോടെ കെട്ടിടംപണി പൂർത്തിയായി. കേന്ദ്ര സർക്കാരിന്റെ റൂറൽഅർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി ചെലവിട്ടാണ് ചന്തയുടെ നിർമാണം നടത്തിയത്. മത്സ്യവിപണനത്തിനും മാംസവിപണനത്തിനും പ്രത്യേക സൗകര്യങ്ങളാണ് പുതിയ ചന്തയിലൊരുക്കിയിരിക്കുന്നത്. മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. അറവുശാലയുടെ നിർമാണത്തോടെ ചന്തയിലെ പാതി മാലിന്യപ്രശ്നങ്ങൾക്കും പരിഹാരമായിട്ടുണ്ട്.

വൈദ്യുതീകരണവും ജലവിതരണവും ഉൾപ്പെടെയുള്ള ജോലികളും പൂർത്തിയായി. 14 കടമുറികളാണ് പുതിയ ചന്തയിലുള്ളത്. നിലം മുഴുവൻ തറയോട് പാകി. കഴിഞ്ഞയാഴ്ചയിൽ കടമുറികളുടെയും വാതിൽപ്പിരിവിന്റെയും ലേല നടപടികളും പൂർത്തിയായി. കടമുറികളിൽ അഞ്ചെണ്ണം മാംസം വിൽക്കുന്നതിനും 9 എണ്ണം പച്ചക്കറിക്കച്ചവടത്തിനുമായാണ് ലേലം ചെയ്തത്. പഴയ കെട്ടിടങ്ങൾ സംഭരണശാലയ്ക്കും മത്സ്യക്കച്ചവടം നടത്തുന്നതിനുമായാണ് നവീകരിച്ചത്. മലിനജലം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകമായി ടാങ്ക് സജ്ജീകരിച്ചു. ഇതിനൊപ്പം നാല് ശുചിമുറികളും പണിതിട്ടുണ്ട്