ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിനും പ്രവേശനോത്സവം, ദേവസ്വം ബോർഡ് പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്തു

ആറ്റിങ്ങൽ : സംസ്ഥാനത്ത് സ്കൂളുകൾ പ്രവേശനോത്സവത്തിന്റെ ആഘോഷം പങ്കിടുമ്പോൾ ആറ്റിങ്ങലുകാർക്ക് ചരിത്രപുസ്തകം തുറന്ന പോലെ ക്ഷേത്ര കലാപീഠം തുറന്നു. ആറ്റിങ്ങൽ വലിയ കോയിക്കൽ കൊട്ടാരവളപ്പിൽ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീ‍ഴിലുള്ള ക്ഷേത്രകലാപീഠം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു.ക്ഷേത്ര കലാപീഠം കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് എ.പത്മകുമാർ പറഞ്ഞു .

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കൊട്ടാരത്തിൽ ആരംഭിച്ച കലാപീഠത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ നിർവ്വഹിച്ചു.ആറ്റിങ്ങൽ എം.എൽ എ ബി സത്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പൈതൃകവും സംസ്കാരവും കാത്ത് സൂക്ഷിച്ച് ക്ഷേത്ര കലകളെ പരിപോഷിക്കുകയും ചെയ്യുന്ന ദേവസ്വം ബോർഡിന്റെ നിലപാട് അഭിനന്ദനാർഹമാണെന്ന് ബി.സത്യൻ എം എൽ എ അഭിപ്രായപ്പെട്ടു. ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിൽ പുനരാരംഭിച്ച ക്ഷേത്ര കലാപീഠം വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സാന്നിദ്ധ്യമാകണമെന്ന് എം.എൽ എ പറഞ്ഞു. ആറ്റിങ്ങൽ കലാപീഠത്തെയും വൈക്കം കലാപീഠത്തെയും ഏകോപിച്ച് ഇവിടങ്ങളിലെ കോഴ്സുകൾ ഏതെങ്കിലും ഒരു സർവ്വകലാശാലയുമായി അഫിലിയേറ്റു ചെയ്യുന്ന കാര്യം ബോർഡ് ആലോചിക്കുന്നുണ്ടെന്ന് ഉദ്ഘാടനം നിർവ്വഹിച്ച പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാപീഠത്തിൽ പഠിക്കുന്ന കുട്ടികൾ ഒരിക്കലും അനാഥരാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എൻ.വിജയകുമാർ, വർക്കല അസി.ദേവസ്വം കമ്മീഷണർ എസ്.ശ്രീകുമാർ ,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.