വൈദ്യുതി മുടങ്ങി :ആറ്റിങ്ങൽ കെ.എസ്‌.ഇ.ബി ഓഫീസിനുള്ളില്‍ കയറി സബ്‌ എന്‍ജിനിയറെ മര്‍ദ്ദിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ

ആറ്റിങ്ങല്‍: കെ.എസ്‌.ഇ.ബി ഓഫീസിനുള്ളില്‍ അതിക്രമിച്ച്‌ കയറി സബ്‌ എന്‍ജിനിയറെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട്‌ രണ്ടു പേര്‍കൂടി പിടിയിലായി. വീരളം ചെറുവിള വീട്ടില്‍ അഭിലാഷ്‌(23), വീരളം കല്ലിന്‍മൂട്‌ വീട്ടില്‍ ശരത്‌ (20) എന്നിവരാണ്‌ പിടിയിലാ യത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ ആറ്റിങ്ങല്‍ പച്ചംകുളം രേവതിയില്‍ മോനി എസ്‌. പ്രസാദ്‌ (20)സംഭവ ദിവസംതന്നെ അറസ്‌റ്റിലായിരുന്നു. ആറ്റിങ്ങല്‍ കെ.എസ്‌.ഇ.ബി ഓഫീസിലെ സബ്‌ എന്‍ജിനിയര്‍ ശ്യാമപ്രസാദിനാണ്‌ (53) മര്‍ദ്ദനമേറ്റത്‌.
വൈദ്യുതി മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ ഓഫീസിലെത്തിയ ഒരു സംഘം ബഹളമുണ്ടാക്കുകയും മോനിയും അഭിലാഷും ശരത്തും ഓഫീസിനകത്തു കയറി ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു എന്ന്‌ പൊലീസ്‌ പറഞ്ഞു.
കനത്തമഴയും കാറ്റും കാരണം പലയിടത്തും മരങ്ങള്‍ ഒടിഞ്ഞ്‌ ലൈനില്‍ വീണതിനാല്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുക യാണെന്നും ഉടന്‍ ശരിയാക്കുമെന്നു പറഞ്ഞെങ്കിലും ഇവര്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. രാത്രിയിലും അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ്‌ ഒരു സംഘം ഓഫീസിലെത്തി അക്രമം നടത്തിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി എസ്‌.ഐ ശ്യാം പറഞ്ഞു.