ആറ്റിങ്ങലിനെ ഞെട്ടിച്ച കൊലപാതകം ! ജോലി തരപ്പെടുത്തി നൽകിയവനെ കുത്തിക്കൊന്നത് പണത്തിനു വേണ്ടി, സംഭവം ഇങ്ങനെ…

ആറ്റിങ്ങൽ : ആറ്റിങ്ങൽ , പൂവൻപാറയിൽ പ്രവർത്തിക്കുന്ന ഹോളോ ബ്രിക്സിൽ നടന്ന കൊലപാതക കേസ്സിലെ പ്രതിയെ വെസ്റ്റ് ബംഗാളിൽ ഉള്ള ഇന്ത്യാ – ഭൂട്ടാൻ അതിർത്തി ഗ്രാമത്തിൽ നിന്നും കേരളാ പോലീസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാളിലെ ന്യൂ ജയ്പാൽഗുരി ജില്ലയിലെ അലിപ്പൂർദാർ ഫല്ലാക്കട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബച്ചാ വൊറോണിന്റെ മകൻ അമൽ എന്ന് വിളിക്കുന്ന ഹുസൈൻ ഒറോൺ (33) ആണ് അറസ്റ്റിലായത്.

2019 മാർച്ച് മാസം പത്താം തീയതി രാത്രി ആയിരുന്നു കൊലപാതകം നടന്നത്. ഹോളോബ്രിക്സ് കമ്പനിയിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി ബിമൽ ബാറയെ ( 39) കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം മൃദദേഹം കത്തിക്കാൻ ഉള്ള ശ്രമവും നടന്നിരുന്നു. ബിമലാണ് അമലിനെ ജോലിക്കായി കൊണ്ടു വന്നത്. കൊല നടത്തിയ ശേഷം ബിമൽ ബാറയുടെ മൊബൈൽ ഫോണും പണവും അപഹരിച്ച് ഹോളോ ബ്രിക്സ് കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന വെസ്റ്റ് ബംഗാൾ ജയ്പാൽഗുഡി ജില്ലക്കാരനായ അമൽ എന്ന് വിളിക്കുന്ന ഹൊസെൻ ഓരോൺ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇയാൾ നേരത്തേ ജോലി നോക്കിയിരുന്ന കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലും ഇയാളുടെ സ്വദേശമായ വെസ്റ്റ് ബംഗാളിലും ഇയാൾക്കായി ഊർജ്ജിത തെരച്ചിൽ നടത്തിയിരുന്നു. ഇയാൾ മോഷ്ടിച്ച മൊബൈൽ ഫോൺ വെസ്റ്റ് ബംഗാളിലെ ദിർപ്പാടയിലുള്ള ഒരാൾക്ക് വിറ്റിരുന്നു. ഇത് അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു എങ്കിലും പ്രതിയെ പിടികൂടാൻ ആയിരുന്നില്ലാ.

തുടർന്ന് ഉത്തരമേഖലാ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം തിരു: റൂറൽ ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐ.പി.എസ്സ് ന്റെ നേതൃത്വത്തിൽ അന്വേഷണം വീണ്ടും ഊർജിതമാക്കുകയായിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പിടികൂടുന്നതിനായുള്ള നടപടികൾ ശക്തമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വീണ്ടും വെസ്റ്റ് ബംഗാളിൽ എത്തി രണ്ടാഴ്ച കാലം അവിടെ വിവിധയിടങ്ങളിൽ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അമലിനെ കണ്ടെത്താനായത്.

കേരളത്തിലേക്ക് ജോലിക്കായി ആളെ എടുക്കുന്ന റിക്രൂട്ടിംഗ് ഏജൻസി എന്ന വ്യാജേനയാണ് അന്വേഷണ സംഘം ബംഗാളിൽ താമസിച്ചത്. ഇതിനായി കേരളത്തിൽ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയ ചില അന്യ സംസ്ഥാന തൊഴിലാളികളുടെ സഹായവും സംഘം തേടിയിരുന്നു. പ്രതിയുടെ വീടിന്റെ സമീപ പ്രദേശങ്ങളിലും റിക്രൂട്ടിംഗിന്റെ ഭാഗമെന്ന വ്യാജേന താമസിച്ച് പ്രതിയുടെ അടുത്ത ബന്ധുക്കൾക്ക് ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ചങ്ങാത്തം സ്ഥാപിച്ചിരുന്നു. ഇവരിൽ ഒരാളിൽ നിന്ന് കിട്ടിയ രഹസ്യവിവരത്തിൽ നിന്നുമാണ് പ്രതിയായ അമോൽ വെസ്റ്റ് ബംഗാളിലെ ഇന്ത്യാ – ഭൂട്ടാൻ അതിർത്തി ഗ്രാമമായ ജെയ്ഗോണിലെ മക്രാപട എന്ന സ്ഥലത്തുള്ള ബന്ധുവിന്റെ കൂടെ തെയില തോട്ടത്തിൽ ജോലി നോക്കി വരുന്നതായി അറിഞ്ഞത്. പിടികൂടാതിരിക്കാനായി ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലാ. തിരിച്ചറിയാതിരിക്കാനായി ഇയാൾ രൂപമാറ്റവും വരുത്തിയിരുന്നു. അവിടെ എത്തിയ അന്വേഷണ സംഘം ഒരാഴ്ച അവിടെ താമസിച്ച് നടത്തിയ വിദഗ്ദമായ നീക്കത്തിലാണ് പ്രതിയായ അമലിനെ കണ്ടെത്തിയത്. പ്രതിയെ അവിടെ നിന്നും കേരളത്തിൽ എത്തിച്ച് സാക്ഷികളും മറ്റും കണ്ട് തിരിച്ചറിഞ്ഞ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിരു: ജില്ലാ പോലീസ് മേധാവി ബി. അശോകൻ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ വി.വി. ദിപിൻ സബ്ബ് ഇൻസ്പെക്ടർ എം.ജി.ശ്യാം , എ .എസ്.ഐ എം.പി.റെജികുമാർ, ഷാഡോ എ.എസ്.ഐ എം. ഫിറോസ് ഖാൻ ഷാഡോ ടീം അംഗങ്ങളായ ബി.ദിലീപ് , ആർ.ബിജു കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ബംഗാളിൽ നിന്നും പ്രതിയെ പിടികൂടി ആറ്റിങ്ങൽ എത്തിച്ച് അറസ്റ്റ് നടപടികൾ പൂർത്തി ആക്കിയത്.