ആറ്റിങ്ങൽ നാലുവരിപാത വികസനത്തിനു കെഎസ്ആർടിസിയുടെ സ്ഥലവും വിട്ടു കിട്ടി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിലവിലെ ദേശീയപാത നാലുവരിയായി നിർമിക്കുന്നതിന് കെ.എസ്.ആർ.ടി.സി.യുടെ സ്ഥലവും വിട്ടുകിട്ടിയതായി നഗരസഭാധ്യക്ഷൻ എം.പ്രദീപ് അറിയിച്ചു. ഇതുസംബന്ധിച്ച ജില്ലാകളക്ടറുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കിഴക്കേനാലുമുക്കിൽ പാലസ് റോഡ് തുടങ്ങുന്ന സ്ഥലം മുതൽ സി.എസ്.ഐ.ആശുപത്രി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറുവശത്തെ സ്ഥലമാണ് കെ.എസ്.ആർ.ടി.സി.യുടെ കൈവശത്തുനിന്ന് ഏറ്റെടുക്കേണ്ടത്. ഈ ഭാഗത്ത് റോഡുവികസനത്തിനാവശ്യമായ ഭൂമി അടുത്തദിവസം തന്നെ ഏറ്റെടുക്കും.

പദ്ധതിയുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ള തടസ്സങ്ങൾ നീക്കുന്നതിന് അഡ്വക്കേറ്റ് ജനറൽ ഓഫീസുൾപ്പെടെയുള്ള നിയമസഹായ കേന്ദ്രങ്ങളുമായി അധികൃതർ ചർച്ച നടത്തി. നഗരസഭാധ്യക്ഷനും പൊതുമരാമത്തുവകുപ്പ് എൻജിനീയറിങ് വിഭാഗവുമാണ് വിഷയങ്ങൾ നിയമവിദഗ്ധരുടെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടുള്ളത്. അവരുടെ നിർദേശങ്ങൾക്കനുസരിച്ചുള്ള നടപടിക്രമങ്ങളാണ് വിഷയത്തിൽ തുടർന്ന് സ്വീകരിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.

പദ്ധതിയുടെ കരാർനടപടികൾ ഒരാഴ്ചയ്ക്കുള്ളിലുണ്ടാകും. ഫയൽ ചീഫ്എൻജിനീയറുടെ പരിശോധനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചാലുടൻ കരാർനടപടികൾ തുടങ്ങും. കരാർ നടപടികൾ പൂർത്തിയായാലുടൻ നിർമാണപ്രവർത്തനം ആരംഭിക്കും.

പദ്ധതിക്കുവേണ്ടി സബ്ട്രഷറിക്ക് മുൻവശത്ത് നിന്നും ഏറ്റെടുക്കേണ്ട ഭൂമിയിലുണ്ടായിരുന്ന മരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചുമാറ്റി. മറ്റുനടപടികളും ശക്തമാക്കി. പദ്ധതിക്കായി ഇനിയും സ്വകാര്യവ്യക്തികളിൽ നിന്നേറ്റെടുക്കേണ്ട പുറമ്പോക്ക് ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഭൂവുടമകൾക്കും പുറമ്പോക്ക് കൈവശം വെച്ചിരിക്കുന്നവർക്കും ഇതുവരെയുള്ള നടപടികൾ ചൂണ്ടിക്കാണിച്ച് ഒരിക്കൽക്കൂടി നോട്ടീസ് നല്കിയശേഷമായിരിക്കും തുടർനടപടികളിലേക്ക്‌ പോകുന്നത്.

പൂവമ്പാറ മുതൽ മൂന്നുമുക്കുവരെ നിലവിലെ ദേശീയപാത 16 മീറ്ററിൽ വീതികൂട്ടുന്നതാണ് പദ്ധതി. പുറമ്പോക്കുഭൂമി പൂർണമായി ഏറ്റെടുത്തും സർക്കാർവകുപ്പുകളുടെ ഭൂമി ലഭ്യമാക്കിയുമാണ് വികസനം നടപ്പാക്കുന്നത്. ചില സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചതോടെയാണ് നടപടികൾ ഇഴയാൻ തുടങ്ങിയത്.