ആറ്റിങ്ങൽ തച്ചൂർകുന്ന് റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം

ആറ്റിങ്ങൽ : സ്കൂൾ തുറക്കാറായിട്ടും ആറ്റിങ്ങൽ തച്ചൂർകുന്ന് റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം. ആറ്റിങ്ങൽ അയിലം റോഡിലെ വോലാംകോണം ജംഗ്ഷൻ ഗ്യാസ് ഏജൻസി മുതൽ തച്ചൂർകുന്ന് ഗ്രാമത്ത് മുക്ക് ജംഗ്ഷൻ വരെയുള്ള റോഡിലെ ഗതാഗതം ഭീതി പരത്തുന്നതായും ഈ പ്രദേശം അപകടക്കെണിയായി നിലനിൽക്കുന്നതായും നാട്ടുകാർ ആരോപിച്ചു. കാൽനട പോലും ദുഷ്കരമായ ഇവിടെ നിരവധി സ്കൂളും അങ്കണവാടികളും സ്ഥിതി ചെയ്യുന്നുണ്ട്. രണ്ടാഴ്ച മുൻപ് പണി തുടങ്ങിയെങ്കിലും ഇതുവരെയും എങ്ങുമെത്തിയില്ലത്രെ. കൂടാതെ അശാസ്ത്രീയമായ രീതിയിലാണ് പണി നടക്കുന്നതെന്നും ആക്ഷേപമുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കുഴികളിൽ ടാർ ഉപയോഗിക്കാതെ വെറും മെറ്റൽ മാത്രം ഉപയോഗിച്ച് കുഴികൾ നികത്തിയത് വാഹനങ്ങൾ കയറുമ്പോൾ തെന്നി മാറുന്നതായും അത് അപകടത്തിന് സാധ്യതയുള്ളതായും ജനങ്ങൾ പറയുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് ഇവിടെ പതിവാകുന്നു. മഴക്കാലം വരുന്നതോടെ പണി എങ്ങും എത്താതെ നിലനിൽക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. കെഎസ്ആർടിസിയും സ്വകാര്യ ബസ്സും സ്കൂൾ ബസ്സും ഉൾപ്പടെ എല്ലാ തരം വാഹനങ്ങളും കടന്നുപോകുന്ന ഈ പ്രദേശം ഇങ്ങനെ തുടർന്നാൽ വലിയ അപകടം ഉണ്ടാകുമെന്നും വളരെ വേഗം പണി പൂർത്തിയാക്കി ജനങ്ങൾക്ക്‌ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.