കുടിവെള്ളക്ഷാമം പരിഹരിക്കാൻ അവനവഞ്ചേരി ആറാട്ടുകടവിൽ സ്ഥിരം തടയണ നിർമിക്കാൻ തീരുമാനം

വർക്കല: വർക്കലയിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാമനപുരം ആറ്റിൽ അവനവഞ്ചേരി ആറാട്ടുകടവിൽ സ്ഥിരം തടയണ നിർമിക്കാൻ തീരുമാനിച്ചതായി വി.ജോയി എം.എൽ.എ. അറിയിച്ചു.

വർക്കല നഗരസഭ, ചെമ്മരുതി, വെട്ടൂർ, ഇടവ, ഇലകമൺ, നാവായിക്കുളം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നത് അവനവഞ്ചേരി ആറാട്ടുകടവിനുസമീപം പമ്പിങ് നടത്തിയാണ്. ഇപ്പോൾ പൂവമ്പാറ ഭാഗത്ത് തടയണ സ്ഥാപിച്ചിട്ടുണ്ട്. വാമനപുരം ആറ്റിൽ വെള്ളം കുറയുമ്പോൾ ആറാട്ടുകടവിൽ താത്‌കാലിക തടയണ നിർമിക്കുകയാണ് ചെയ്തുവരുന്നത്. താത്‌കാലിക തടയണ നിർമിക്കുന്ന ഭാഗത്ത് സ്ഥിരം തടയണ നിർമിക്കണമെന്ന ആവശ്യവുമായി ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുമായി വി.ജോയി എം.എൽ.എ. ചർച്ച നടത്തിയിരുന്നു.ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് ചർച്ചയിൽ സൂപ്രണ്ടിങ് എൻജിനീയർ ഉറപ്പുനൽകി.