അവനവഞ്ചേരി ഗവ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ ടിസി വാങ്ങി പോകുന്നതിന് കാരണം ഇത്…

ആറ്റിങ്ങൽ∙  അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പഠിക്കാൻ ആവശ്യത്തിന് ക്ളാസ് മുറികളില്ലാത്തതിനാൽ വിദ്യാർത്ഥികൾ ടി.സി വാങ്ങി സ്വകാര്യ വിദ്യാലയങ്ങളിലേക്കുൾപ്പെടെ പോകുന്നു.ഇതിനോടകം നാൽപതോളം കുട്ടികളാണ് മാറിപ്പോയത്.നിലവിലെ ക്ളാസ് മുറികൾ പുതിയ മന്ദിരത്തിന്റെ നിർമാണത്തിനായി ഇടിച്ചുമാറ്റിയതാണ് വിനയായത്.പുതിയ കെട്ടിടമാകട്ടെ ഈ അധ്യയന വർഷം ആരംഭം പൂർത്തിയായി തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.

ഇത് നടക്കാതെ വന്നതോടെയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അടക്കം താളം തെറ്റിയതും കുട്ടികൾ കൊഴിഞ്ഞുപോകുന്ന സ്ഥിതിയിലേക്കെത്തിയതും.ഹരിതവിദ്യാലയ പുരസ്കാരം ഉൾപ്പെടെ നേടി സംസ്ഥാനത്തെ തന്നെ മാതൃകാ വിദ്യാലയങ്ങളിലൊന്നായ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പാഠ്യ,പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ്.1500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകൾക്ക് പുതിയ കെട്ടിടം അനുവദിച്ചത്.

ഇത് പ്രകാരം നിലവിലുള്ള പത്ത് ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി.2018 മാർച്ചിലാണ് പൊളിച്ചത്. ഒന്നര വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം പണി തുടങ്ങിയയിടത്തു തന്നെ നിൽക്കുകയാണ്.കുട്ടികളുടെ മികച്ച അക്കാഡമിക നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും പുലർത്തുന്ന സ്കൂളിന്റെ ദൈനം പ്രവർത്തനങ്ങൾ ഇപ്പോൾ അവതാളത്തിലാണ്.

1600 പരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ക്ലാസ് മുറികളുടെ എണ്ണം കുറവായതുകൊണ്ട് നിലവിൽ ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറേണ്ടി വന്നു.രാവിലെ എട്ടര മണി മുതൽ പന്ത്രണ്ടര മണി വരെ ഹൈസ്കൂൾ വിഭാഗവും തുടർന്ന് അഞ്ച് മണി വരെ യു.പി.വിഭാഗവും പ്രവർത്തിക്കേണ്ട സ്ഥിതിയാണ്. സ്കൂളിന്റെ സമയക്രമം രക്ഷിതാക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

പണി പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴും ആദ്യനില പോലും പൂർത്തിയാക്കാൻ കെട്ടിടം പണി ഏറ്റെടുത്ത കരാറുകാരന് കഴിഞ്ഞില്ല. സ്കൂളധികൃതർ വിവിധ തലങ്ങളിൽ പരാതി നൽകിയെങ്കിലും കെട്ടിട നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്. അവനവഞ്ചേരി സ്കൂൾ കെട്ടിട നിർമാണം തുടങ്ങിയതിനു ശേഷം തുടങ്ങിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.ഈ അധ്യയന വർഷം നൂറിലധികം പുതിയ കുട്ടികൾ അഡ്മിഷൻ എടുത്തെങ്കിലും സ്കൂൾ തുറന്നതിനു ശേഷം നാൽപ്പതോളം കുട്ടികൾ ടിസി വാങ്ങി പോയിക്കഴിഞ്ഞു.

നാല് കോടി പതിനേഴ് ലക്ഷം രൂപയാണ് കെട്ടിട നിർമാണ ചെലവ്.ഈ പദ്ധതിക്ക് മൂന്നു കോടി രൂപ സർക്കാൻ അനുവദിച്ചു. ബാക്കി തുക  ജനപ്രതിനിധികളിൽ നിന്നോ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയോ പണം കണ്ടെത്തിയാണ് പൂർത്തിയാകേണ്ടത്.ഈ .തുക ലഭിച്ചില്ലെങ്കിൽ പന്ത്രണ്ട് ക്ലാസ് മുറികൾ മാത്രമേ പൂർത്തിയാവുകയുള്ളൂ.മൊത്തെ 20 ക്ളാസ് മുറികൾ കിട്ടിയാൽ മാത്രമേ ഷ്ഫ്റ്റ് ഒഴിവാക്കാനാകൂ.ഇല്ലെങ്കിൽ പദ്ധതി നഷ്ടപ്പെടുമെന്ന നിലയിലാണ്.ഓണാവധിക്കു മുമ്പേ പണി പൂർത്തിക്കണമെന്നും അതിന് സർക്കാറിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നുമാണ്  നാട്ടുകാരുടെ  ആവശ്യം