അറിഞ്ഞോ, ഏലയ്ക്കയുടെ വില റെക്കോർഡിലേക്ക് : കിലോയ്ക്ക് 5000 രൂപ

ഇടുക്കി: സുഗന്ധ വ്യഞ്ജനങ്ങനങ്ങളിൽ പ്രധാനിയായ ഏലയ്ക്കായുടെ വില സർവ്വകാല റെക്കോർഡിലെത്തി. സംസ്ഥാനത്തെ ഏലയ്ക്കായുടെ ഈറ്റില്ലമായ ഇടുക്കിയിൽ കിലോയ്ക്ക് 5000 രൂപവരെ എത്തി നിൽക്കുകയാണ്. അണക്കരയിലെ സ്ഥിര ലേലം നടക്കുന്ന സൗത്ത് ഇന്ത്യൻ ഓക്ഷൻ സെന്ററിൽ കഴിഞ്ഞ ദിവസം കിലോയ്ക്ക് 5000 രൂപയാണ് ലഭിച്ചത്. ഇതിന് മുമ്പുള്ള റെക്കോർഡ് വില 4501 രൂപയായിരുന്നു. വിപണിയിലും ഏലയ്ക്കായുടെ വില കുതിച്ചുയരുകയാണ്. ശരാശരി 3250 രൂപയോളം ഒരു കിലോ ഏലയ്ക്കക്ക് ലഭിക്കുന്നുണ്ടെന്ന് കർഷകരും വ്യാപാരികളും പറയുന്നു. എന്നാൽ ഉൽപാദനം കുറഞ്ഞത് വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

മഴക്കെടുതിയും അതിനുശേഷം വന്ന കൊടും വേനലുമെല്ലാം കൃഷിയെ ബാധിച്ചു. ഇത് ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ ഇടയാക്കിയെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഏലയ്ക്കായുടെ വില കുതിച്ചുയരാനുള്ള പ്രധാന കാരണവും ഇതു തന്നെയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വില ഉയരുന്നതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നുമില്ല. ഈ വർഷം ഏപ്രിൽ മുതലാണ് ഏലത്തിന്റെ വില വിപണിയിൽ കുതിച്ചുയരാൻ തുടങ്ങിയത്. 2016-ൽ ഇതേ കാലയളവിൽ കിലോയ്ക്ക് 500 രൂപ വിലയുണ്ടായിരുന്ന ഏലമാണ് ഇപ്പോൾ 5000 രൂപയിൽ എത്തി നിൽക്കുന്നത്.