കേരളം എങ്ങോട്ട് ! 16 കാരിയുടെ മൃതദേഹം ദിവസങ്ങളോളം കിണറ്റിൽ :അമ്മയും കാമുകനും കസ്റ്റഡിയിൽ

നെടുമങ്ങാട് : അന്യ സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ അക്രമങ്ങളും മലയാളികളെ ഞെട്ടിപ്പിക്കുകയാണ്. ഇപ്പോൾ ഇതാ തലസ്ഥാന ജില്ലയ്ക്ക് അടുത്ത് നെടുമങ്ങാട്ട് രണ്ടാഴ്ച മുൻപ് കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

നെടുമങ്ങാട് കരിപ്പൂരിൽ നിന്നും രണ്ടാഴ്ച മുൻപ് കാണാതായ 16 വയസുള്ള പെൺകുട്ടിയെ ആർസി പള്ളിക്കു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ കാലാന്തര കുരിശടിയിൽ മഞ്ജു (39)വും കാമുകൻ ഇടമല സ്വദേശി അനീഷ് (32)നെയും വെള്ളിയാഴ്ച തമിഴ്നാട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്. വാടക വീട്ടിൽ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്ന് കാട്ടി അമ്മൂമ്മ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. നേരത്തെ നെടുമങ്ങാട് കരിപ്പൂരിൽ താമസിക്കുന്ന ഇവർ ഇപ്പോൾ നെടുമങ്ങാട് റോഡ് വാടകവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. കരിപ്പൂർ സ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മിടുക്കിക്കാണു ദാരുണാന്ത്യം സംഭവിച്ചത്. മകളെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പോലീസിന് നൽകിയതത്രെ. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വീട്ടിലും പരിസരത്തും പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ജുവിന്റെ കാമുകൻ അനീഷ് പെയിന്റിംഗ് തൊഴിലാളിയാണ്. ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം കാണപ്പെട്ട കിണർ നെടുമങ്ങാട് പോലീസ് സീൽ ചെയ്യുകയും ഇന്ന് രാവിലെ മൃതദേഹം പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.