അണ്ടൂർക്കോണത്ത് ഡി.വൈ.എഫ്.ഐ -യൂത്ത് കോൺഗ്രസ് സംഘർഷം

അണ്ടൂർക്കോണത്ത് ഡി.വൈ.എഫ്.ഐ -യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു, യൂത്ത് കോൺഗ്രസ് പ്രവർത്തന് ഗുരുതര പരിക്ക്. ഡി.വൈ.എഫ്.ഐ കണിയാപുരം മേഖല സെക്രട്ടറി റഫീഖ് (31) സി.പി.എം കണിയാപുരം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഹരീഷ്‌കുമാർ (39), യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസിം (30) എന്നിവർക്കാണ് പരിക്കേറ്റത്.  കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐയിൽ നിന്നും രാജിവെച്ച് കോൺഗ്രസിലെത്തിയ ആളാണ് ജസിം. ശശിതരൂർ എം.പിയുടെ തിരഞ്ഞെടുപ്പ് വിജയ പര്യടനവുമായി ബന്ധപ്പെട്ട് അണ്ടൂർക്കോണത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്ന കൊടികൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എടുത്തുമാറ്റിയെന്നാരോപിച്ച് സ്ഥലത്ത് സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ കൊടികൾ ജസീം എടുത്ത് മാറ്റിയിരുന്നു. ഇതേ തുടർന്ന് ഇരുകൂട്ടരും പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. സി.ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരുകൂട്ടരും പ്രശ്‌നം ഒത്തു തീർപ്പാക്കി മടങ്ങുകയും ചെയ്‌തു. എന്നാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് പിരിഞ്ഞ ശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ജസീമിനെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയും ജസീമിന്റെ മുഖത്ത് തടിക്കഷണം ഉപയോഗിച്ച് അടിക്കുകയും ചെയ്‌തത്രെ. ആക്രമണത്തിൽ തടിക്കഷണത്തിന്റെ ഒരു ഭാഗം മുഖത്ത് തറച്ചിരുന്നത് ആശുപത്രിയിലെത്തിയാണ് നീക്കം ചെയ്‌തത്. തുടർന്നുണ്ടായ സംഘർഷത്തിലാണ് രണ്ട് സി.പി.എം പ്രവർത്തകർക്ക് കുത്തേറ്റതത്രെ. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ജസീം പൊലീസ് കസ്റ്റഡിയിലാണ്. ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തതായും സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായും പോത്തൻകോട് പൊലീസ് പറഞ്ഞു.