ഇടവയിലെ കോട്ടയിൽപാണി സമഗ്ര ശുദ്ധജലവിതരണ പദ്ധതി എങ്ങുമെത്തിയില്ല

ഇടവ: ഇടവ ഗ്രാമപഞ്ചായത്തിലെ കോട്ടയിൽപാണി സമഗ്ര ശുദ്ധജലവിതരണ പദ്ധതി പെരുവഴിയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. വർക്കല താലൂക്കിൽ ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ് ഇടവ. വേനൽകാലത്ത് കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നത് പതിവാണ്. തീരദേശ പഞ്ചായത്തായ ഇടവ മേഖലയിൽ മിക്ക ഭാഗങ്ങളിലും രണ്ടാഴ്ചയിൽ ഒരിക്കലാണ് ജല അതോറിട്ടിയുടെ കുടിവെള്ളം എത്തുന്നത്. കുടിവെള്ളം കിട്ടാതായതോടെ പലരും പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. ജലക്ഷാമത്തിന് പരിഹാരമെന്നോണം നിർദ്ദേശിക്കപ്പെട്ട കോട്ടയിൽപാണി ശുദ്ധജലപദ്ധതി പ്രാവർത്തികമാക്കുന്നതിന് ഗ്രാമപഞ്ചായത്തും ജല അതോറിട്ടിയും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.

കടുത്ത വേനലിലും സമൃദ്ധമായ ജലം ലഭിക്കുന്ന ഇടവ മാന്തറയ്ക്ക് സമീപത്തെ കോട്ടയിൽപാണിയിൽ ആരംഭിച്ച പദ്ധതിയാണ് ജനങ്ങൾക്ക് പ്രയോജനം ലഭിക്കാതെ കാഴ്ചവസ്തുവായി മാറിയിട്ടുള്ളത്. പദ്ധതിയുടെ പ്രവർത്തനം പഞ്ചായത്ത് ആരംഭിക്കുകയും പിന്നീട് ജല അതോറിട്ടിക്ക് കൈമാറുകയും ചെയ്തിട്ടും പദ്ധതി വഴി ഒരു തുള്ളി വെള്ളം പോലും വിതരണം ചെയ്തിട്ടില്ല.