ഇനിയും കൊല്ലാക്കൊല വേണോ? ഗജരാജൻ കാർത്തികേയന് ശാരീരികമായ ദുരിതം തുടർക്കഥയാകുന്നു.

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിൽ ഉള്ള ഉള്ളൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഗജരാജൻ കാർത്തികേയന് ശാരീരികമായ ദുരിതം തുടർക്കഥയാകുന്നു. ആനയുടെ മുന്നിലെ ഇടത് കാലിലിലെ നീര് വൃണമായി മാറിയത് ചികിത്സാ പിഴവ് മൂലമാണെന്നാണ് നാട്ടുകാർ പറയുന്നത്‌. വൃണം രൂപപ്പെട്ടതിനാൽ നിൽക്കാനും കിടക്കാനും കഴിയാത്ത അവസ്‌ഥയിലാണ് ആന. ദേവസ്വം രണ്ട് പാപ്പാന്മാരെ നിയമിച്ചിട്ടുണ്ട് എങ്കിലും രണ്ടാം പാപ്പൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി അവധിയെടുത്ത് മറ്റു ജോലികൾക്ക് പോകുകയാണെന്നാണ്‌ നാട്ടുകാരുടെ ഭാഷ്യം.

ആനത്തറ കൃത്യമായ രീതിയിൽ പണിയാത്തത് കാരണം ആകെ തകർന്ന അവസ്‌ഥയിലാണ്‌. ആനത്തറയുടെ അവസ്‌ഥ വിജിലൻസ് എസ്.പി അടക്കം പരിശോധന നടത്തി ബോധ്യപ്പെട്ടതാണ്. ഇക്കാരണങ്ങൾ കാട്ടി ഉള്ളൂർ സബ് ഗ്രൂപ്പ് ആഫീസറോട് ഒന്നാം പാപ്പാൻ പരാതി നൽകിയിട്ടും മേലധികാരികളെ അറിയിക്കുവാനോ നടപടികളെടുക്കുവാനോ സബ് ഗ്രൂപ്പ് ആഫീസർ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അസുഖങ്ങൾ കൊണ്ട് വീർപ്പുമുട്ടി നിൽക്കുമ്പോഴും ഐരാവത സേന എന്ന ഗജ സംരക്ഷണ സേനയുടെ നേതൃത്വത്തിൽ ജൂൻ 30 ന് ആനയ്ക്ക് പട്ടാഭിഷേകവും, ഗജപൂജയും ആനയൂട്ടും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടർ.
കഴിഞ്ഞ പ്രളയ സമയത്ത് ഇടിഞ്ഞു വീണ അമ്പലക്കുളത്തിന്റെ ചുറ്റുമതിലും സ്ത്രീകളുടെ മൂത്രപ്പുരയും അടിയന്തരമായി ശരിയാക്കാൻ മന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഉള്ളൂർ ഗ്രൂപ്പ് ആഫീസ് വലിയ വീഴ്ചയാണ് വരുത്തിയതെന്നും ജനങ്ങൾ ആരോപിക്കുന്നു. ടെൻഡർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല എന്നതാണ് അവസ്‌ഥ. ഷഷ്ഠി വ്രത ദിവസം 3000 ത്തോളം സ്ത്രീകൾ ആണ് ക്ഷേത്രത്തിൽ എത്തുന്നത്. വെളുപ്പിന് ആരംഭിക്കുന്ന പൂജകൾ വൈകുവോളം നീളാറുണ്ട്. ഉള്ളൂർ ഗ്രൂപ്പിന്റെ എ സി ആഫീസ് പ്രവർത്തിക്കുന്നത് ക്ഷേത്ര പരിസരത്തിലെ കൊട്ടാരത്തിനുള്ളിലാണ്. ദേവസ്വം മരാമത്ത് വകുപ്പ് ആഫീസ്, സബ്ഗ്രൂപ്പ് ആഫീസ്, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ആഫീസ് എന്നിവയുടെ പിടിപ്പ്കേടാണ് ഈ ക്ഷേത്രത്തിനും ഉളളൂർ ഗ്രൂപ്പിന് കീഴിലെ മറ്റ് ക്ഷേത്രങ്ങൾക്കും സംഭവിച്ചു കൊണ്ടിരിക്കുന്ന വികസന മുരടിപ്പിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.