ഉടമ പള്ളിയിൽ പോയ നേരം മെഡിക്കൽ സ്റ്റോറിൽ തട്ടിപ്പ്, സംഭവം ഇങ്ങനെ…

ആറ്റിങ്ങൽ: ദിവസം കഴിയുമ്പോൾ ഓരോരോ പുതിയ രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. ഇന്ന് ആറ്റിങ്ങലിൽ തട്ടിപ്പ് നടന്നത് വ്യത്യാസ്തമായ മറ്റൊരു രീതിയാണ്. മെഡിക്കൽ സ്റ്റോറിൽ നിന്ന ലേഡി സ്റ്റാഫിനെ പറ്റിച്ച് 5000 രൂപയും കൊണ്ട് തട്ടിപ്പുകാരൻ പോയി. ആറ്റിങ്ങൽ ടോൾമുക്ക് സ്വദേശി റഹീമിന്റെ ‘മെഡിസോൺ ഫാർമസിയിലാണ്’ ഇന്ന് ഉച്ചയ്ക്ക് തട്ടിപ്പ് നടന്നത്.

ഇന്ന് വെള്ളിയാഴ്ച റഹിം പള്ളിയിലേക്ക് ജുമുഅ പ്രാർത്ഥനയ്ക്ക് പോയ സമയം ഹെൽമെറ്റ്‌ ധരിച്ചു കൊണ്ട് ചുവന്ന നിറത്തിലുള്ള സ്കൂട്ടറിൽ മെഡിക്കൽ സ്റ്റോറിൽ എത്തിയ തട്ടിപ്പുകാരൻ ‘ഫാർമസി ഉടമ റഹിം ഓർഡർ ചെയ്ത മരുന്നുകളാണെന്നും പറഞ്ഞ് ഒരു പെട്ടി മരുന്ന് നൽകി. റഹിം പള്ളിയിൽ പോയെന്ന് ലേഡി സ്റ്റാഫ് പറഞ്ഞതിനെ തുടർന്ന് തട്ടിപ്പുകാരൻ ഫോണിൽ റഹീമിനെ ബന്ധപ്പെടുന്നത് പോലെ അഭിനയിക്കുകയും റഹിം 5000 രൂപ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങാൻ പറഞ്ഞെന്ന് ലേഡി സ്റ്റാഫിനെ പറ്റിച്ച് 5000 രൂപ വാങ്ങുകയും ചെയ്തു. ഹെൽമെറ്റ്‌ ധരിച്ച തട്ടിപ്പുകാരൻ പണവും വാങ്ങി കടന്നു. പ്രാർത്ഥനയൊക്കെ കഴിഞ്ഞ് ഉടമ റഹിം മെഡിക്കൽ സ്റ്റോറിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 500 രൂപ പോലും വിലയില്ലാത്ത പഴയ മരുന്നുകളാണ് തട്ടിപ്പുകാരൻ പെട്ടിയിലാക്കി നൽകി 5000 രൂപയും വാങ്ങി പോയത്. എന്തായാലും തട്ടിപ്പ് നടന്നതിനെതിരെ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.