സ്കൂളിൽ പോയാൽ ഇനി പഴവര്‍ഗങ്ങളും കഴിക്കാം ; സർക്കാരിന്റെ പുതിയ പദ്ധതി

പൊതുവിദ്യാലയങ്ങളില്‍ ഭക്ഷണത്തിനൊപ്പം ഇനി പഴവര്‍ഗങ്ങളും നല്‍കും. ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമര്‍പ്പിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി. ഓരോ വിദ്യാര്‍ഥിക്കും ആഴ്ചയില്‍ രണ്ട് ദിവസമായി 10 രൂപയുടെ പഴം നല്‍കും. വാഴപ്പഴം, മാങ്ങ, പേരയ്ക്ക, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ് നല്‍കുക.

വിഷരഹിത ഫലങ്ങള്‍ ആണ് നല്‍ക്കുന്നതെന്ന് ഉറപ്പാക്കും. നിലവില്‍ ചോറിനൊപ്പം പയര്‍ വര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടുന്ന കറികള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയുമുണ്ട്. ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും മുട്ടയും കുട്ടികള്‍ക്കു നല്‍കുന്ന ഏക സംസ്ഥാനമാകും കേരളം. നല്ല ആരോഗ്യശീലം വളര്‍ത്തിയെടുക്കാന്‍ പദ്ധതി സഹായിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും. ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി നടപ്പാക്കാന്‍ ഉദേശിക്കുന്നത്.