ഒരു കിലോയിലധികം കഞ്ചാവുമായി റിസോർട്ട് ഉടമ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം : ലഹരി കടത്ത് വ്യാപകമായതിനെ തുടർന്ന് എയർപോർട്ട് പരിസരത്ത് പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ താമസിക്കുന്ന ഹബീബുള്ള, റെസലിഫ് ഖാൻ എന്നിവരെ ടാറ്റ ഇന്റിക്ക കാറിൽ 1.100 കിലോ കഞ്ചാവ് കടത്തുന്നതിനിടയിൽ തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ കീഴിലുള്ള നാർകോട്ടിക്ക് സ്‌പെഷ്യൽ സ്ക്വാഡ് ടീം പിടികൂടി. ഇതിൽ റെസലിഫ് ഖാൻ കോവളത്തെ ഗ്രീൻവാലി റിസോർട്ട് ഉടമയാണ്. ആന്ധ്രാപ്രദേശിൽ നിന്നും ഏറ്റവും മുന്തിയ ഇനത്തിലുള്ള കഞ്ചാവ് നേരിട്ട് എത്തിച്ച് എയർപോർട്ട്, കോവളം, ശംഖുമുഖം ഭാഗങ്ങളിൽ ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തി വരികയായിരുന്നു പ്രതികൾ. പ്രതികളിൽ ഒരാളായ ഹബീബുള്ള പഠിച്ചത് വെങ്ങാനൂർ സ്കൂളിൽ ആണ്. ഇപ്പോഴും ഇയാൾ വെങ്ങാനൂർ സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തി വരുന്നുണ്ട്. പിടിക്കപ്പെടാതിരിക്കാനായി കഞ്ചാവ് മോട്ടോർ സൈക്കിൾ ഹെൽമെറ്റിനുള്ളിൽ ചെറിയ പൊതികളായി ഒളിപ്പിച്ച് ഹെൽമെറ്റുകൾ പരസ്പരം കൈമാറുക എന്നതാണ് ഹബീബുള്ളയുടെ പ്രധാന കച്ചവട രീതി. പ്രതികളെ ചോദ്യം ചെയ്തതിൽ ടൂറിസ്റ്റുകളെയും, എയർപോർട്ട് കേന്ദ്രീകരിച്ചും ലഹരി കച്ചവടം നടത്തുന്ന സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് കുമാർ, ഇൻസ്‌പെക്ടർ സി.പി.പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ സജിത്ത്, പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ്) മോൻസി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രകാശ്, ബിനു, ഹരികൃഷ്ണൻ, ജിതീഷ്‌ എന്നിവർ ചേർന്നാണ് കേസ് കണ്ടെത്തിയത്.