അന്ധതയോട് പൊരുതി എസ്.എസ്.എൽ.സിക്ക് എട്ട് എ പ്ലസും രണ്ട് ഏയും നേടി ഹരിമോഹൻ

നന്ദിയോട് : അന്ധതയോട് പൊരുതി എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ മകനെയും മകന്റെ അന്ധതയ്ക്ക് കൂട്ടായി നിന്ന അമ്മയെയും ആദരിച്ചു. ജന്മനാ രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത പ്ലാവറ ചരുവിള വീട്ടിൽ മോഹനന്റെയും ഉമാദേവിയുടെയും മകൻ ഹരി മോഹൻ പത്താം ക്ലാസ് പരീക്ഷയിൽ നേടിയത് എട്ട് എ പ്ലസും രണ്ട് ഏയുമാണ്. സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ കൂടിയാണ് ഹരിമോഹൻ. ഇരുവർക്കും പ്ലാവറ കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് സ്നേഹാദരവ് നൽകിയത്. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ തിരുവനന്തപുരം സർക്കാർ അന്ധവിദ്യാലയത്തിലും തുടർന്ന് എസ്.എം.വി സ്കൂളിലും പഠിച്ച ഹരി മോഹൻ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ലയൻസ് ക്ലബ് ഇന്റർനാഷണൽ മത്സരങ്ങളിലും മിമിക്രിയിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.താമസ സ്ഥലമായ നന്ദിയോട് പ്ലാവറയിൽ നിന്ന് തലസ്ഥാനത്തെ വിദ്യാലയങ്ങളിലേയ്ക്ക് ട്രാൻസ്‌പോർട്ട് ബസിലാണ് കുഞ്ഞുന്നാൾ തൊട്ട് ഹരിമോഹൻ പോയിരുന്നത്. മകനു തുണയായി എപ്പോഴും ഉമാദേവിയും കൂടെയുണ്ടാവും.മകന്റെ ഓരോ ജയപരാജയങ്ങളിലും എന്നും ഈ അമ്മ കൂട്ടായി നിന്നിരുന്നു. അത് നന്നായി അറിയാവുന്ന നാട്ടുകാരാണ് ഇരുവരേയും ആദരിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. പ്ലാവറ കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സന്ധ്യയിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സ്പെഷ്യൽ ടീം ഡിവൈ.എസ്.പി ആർ.രാജ്കുമാർ ഹരിമോഹനും അമ്മയ്ക്കും ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രൻ, നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ദീപ സുരേഷ്,വാർഡ് മെമ്പർമാരായ പി.രാജീവൻ, ഷീജാ പ്രസാദ് ,ജി.ബിന്ദു എന്നിവരും ലൈബ്രറി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.