മത്സ്യം കഴിച്ച് വയറു വേദനയും ത്വക്ക് രോഗവും : പരിശോധനയിൽ ഐസ് ഇട്ട അഴുകിയ മത്സ്യം പിടിച്ചെടുത്തു

പെരിങ്ങമ്മല : വില്പനയ്ക്ക് വച്ച മത്സ്യത്തിൽ ഫോർമാലിനും മറ്റു കെമിക്കൽ വസ്തുക്കളും കലർത്തിയെന്ന പരാതിയിൽ പെരിങ്ങമ്മല പബ്ലിക് മാർക്കറ്റിൽ ഒമ്പത് പെട്ടി മത്സ്യം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം പിടികൂടി നശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോന്റെ നേതൃത്വത്തിൽ പ്രധാന ചന്ത ദിവസമായ രാവിലെ ആറരയോടെ ആരംഭിച്ച പരിശോധന പത്ത് മണി വരെ നീണ്ടു. ചൂര, വങ്കട, ചാള മുതലായ ഇനങ്ങളാണ് പിടികൂടിയത്. വിവരമറിഞ്ഞ് മത്സ്യ മൊത്ത കച്ചവടക്കാരനായ ചുള്ളിമാനൂർ സ്വദേശി സ്ഥലം വിട്ടു. ഈ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മത്സ്യം കഴിക്കുന്നവർക്ക് ത്വക്ക് രോഗങ്ങളും ദഹന പ്രശ്‍നങ്ങളും പതിവായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രസിഡന്റ് പി. ചിത്രകുമാരിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് മാർക്കറ്റിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. അഴുകിയ മത്സ്യം ഐസ് കട്ടകൾ കൊണ്ട് മറച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി. രാജൻ, വേണു എന്നിവരും റെയ്ഡിന് നേതൃത്വം നൽകി. മത്സ്യം വാങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ അറിയിച്ചു.