കോരിച്ചൊരിയുന്ന മഴയത്ത് വിദ്യാർത്ഥിനി റോഡുവക്കിൽ നിന്ന് കരയുന്നു: എസ്‌.ടി നിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടെന്ന്..

ആറ്റിങ്ങൽ : ഐഡി കാർഡ് ഇല്ലെന്ന കാരണം പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ വഴിയിൽ ഇറക്കിവിട്ടെന്നു പരാതി. വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് ബസ് ജീവനക്കാർ വഴിയിൽ ഇറക്കി വിട്ടത്. ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് കോംപ്ലക്സിൽ ഹോസ്റ്റലിൽ നിന്ന് കായിക പരിശീലനം നേടുന്ന പെൺകുട്ടി പുതിയ അഡ്മിഷൻ ലഭിച്ച ശേഷം സ്കൂളിലേക്ക് പോയതാണ്. സ്കൂൾ തുറന്ന സമയം ആയതിനാൽ ഐഡി കാർഡ് ലഭിച്ചതുമില്ല. സ്കൂൾ വിട്ട് വൈകുന്നേരം ആറ്റിങ്ങലിൽ ഹോസ്റ്റലിലേക്ക് വരുകയായിരുന്നു വിദ്യാർത്ഥിനി. വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങലിലേക്ക് അശ്വനി ബസ്സിൽ വന്ന വിദ്യാർത്ഥിനി എസ്‌. ടി ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരൻ ഐഡി കാർഡ് ചോദിച്ചത്രെ. തുടർന്ന് ഐഡി കാർഡ് ഇല്ലെന്ന് പറഞ്ഞ വിദ്യാർത്ഥിനിയോട് ഫുൾ ടിക്കറ്റ് എടുക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ 3 രൂപ മാത്രം കയ്യിലുള്ള വിദ്യാർത്ഥിനിക്ക് 8 രൂപ ടിക്കറ്റ് എടുക്കാൻ ഒരു മാർഗവും ഉണ്ടായില്ല. വിവരം വിദ്യാർത്ഥിനി ബസ് ജീവനക്കാരോട് പറഞ്ഞു. എന്നാൽ 3 രൂപ വാങ്ങി വിദ്യാർത്ഥിനിയെ വഴിയിൽ ഇറക്കിവിട്ട് ബസ് കടന്നുപോയി. മഴയത്ത് ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് ഒരു പൈസയും കയ്യിൽ ഇല്ലാതെ മഴയത്ത് പെൺകുട്ടിക്ക് റോഡിൽ നിന്ന് കരയാനെ കഴിഞ്ഞുള്ളു. പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം തിരക്കി പെൺകുട്ടിയുടെ അമ്മയെ വിളിച്ചു കാര്യം അറിയിച്ചു. തുടർന്ന് അമ്മ എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ബസ് ജീവനക്കാർക്ക് എതിരെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലും വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പരാതി നൽകിയതായി വിവരമുണ്ട്.