റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : മലയിൻകീഴ് സ്വദേശി അറസ്റ്റിൽ

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തിരുവനന്തപുരം മലയിൻകീഴ് കുളത്തിൽകര കൃഷ്ണകൃപയിൽ ഇഞ്ചയ്ക്കൽ പ്രകാശിനെയാണ് (53) തിരുവനന്തപുരത്തു നിന്നു അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മൂന്നു പ്രതികളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. നാലു പ്രതികൾ ഒളിവിലാണ്.തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറഞ്ഞത്:

ജോലി ആവശ്യമുള്ളവരെ മെഡിക്കൽ പരിശോധനയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ വരുത്തും. പരിശോധനാ ഫീസായി പന്തീരായിരം രൂപ വാങ്ങിയശേഷം ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറുടെ മുന്നിലെത്തിക്കും. ഒ.പി ടിക്കറ്റിൽ ഡോക്ടർ കുറിച്ചു നല്കുന്നതല്ലാതെ മറ്റ് രേഖകളൊന്നും നൽകാറില്ല. മെഡിക്കൽ പാസ്സായി എന്ന് ഉദ്യോഗാർത്ഥികളെ ധരിപ്പിക്കും. ജോലിക്കുള്ള തുക നാട്ടിൽ നല്കിയാൽ മതിയെന്ന് പറഞ്ഞ് തിരികെ അയയ്ക്കും. നാട്ടിൽ എത്തിയ ശേഷം ഉദ്യോഗാർത്ഥികൾ ബാങ്ക് അക്കൗണ്ട് വഴി പത്ത് ലക്ഷം രൂപ അയച്ചുകൊടുക്കുകയായിരുന്നു.

ജോലി കിട്ടാതെ വന്നതോടെ പനയം താന്നിക്കമുക്ക് നവമിയിൽ രോഹിത് തമ്പാൻ (23) നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രേഖ, ഗീതാ ഗോപിനാഥ്, ജോയ്, യദുകൃഷ്ണൻ എന്നീ പ്രതികളാണ് ഒളിവിൽപ്പോയത്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് അഞ്ചാലുംമൂട് സി.ഐ കെ.അനിൽകുമാർ, എസ് .ഐ നിസാർ എന്നിവർ പറഞ്ഞു