ഗവ സ്കൂളിലെ ശൗചാലയത്തിന്റെ ശോചനീയാവസ്ഥ – വിദ്യാർത്ഥികൾ ദുരിതത്തിൽ

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗവ എസ്.എൻ.വി.എച്ച്.എസ്എസിൽ ശൗചാലയങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കാരണം വിദ്യാർത്ഥികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണ്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്ന് കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ തൃദീപ്കുമാർ, കീഴാറ്റിങ്ങൽ പി.എച്ച്സിയിലെ എച്ച്.ഐ സുഭാഷ്, വാർഡ് മെമ്പർ ഷീല, ജെ.പി.എച്ച്.എൻമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിച്ചു. സ്കൂൾ ശൗചാലയങ്ങൾ പരിശോധിച്ചശേഷം അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ആവശ്യത്തിന് ശൗചാലയം ഉണ്ടെങ്കിലും പരിപാലനം ഇല്ലാത്തതിനാൽ എല്ലാ ശൗചാലയങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ശൗചാലയങ്ങളിലെ ടൈലും അതുപോലെ പൈപ്പുകൾ തുടങ്ങിയവ നശിപ്പിച്ച നിലയിലാണ്. ഇവിടെ രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടെന്നും ആരോപണമുണ്ട്. നിലവിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും രണ്ടു ശൗചാലയങ്ങൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളത്. ഹയർ സെക്കൻഡറിയും ഹൈസ്കൂളും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ പ്രിൻസിപ്പാളും ഹെഡ് മിസ്സും പരസ്പരം കുറ്റപ്പെടുത്തി പരിഹാരം കാണാതെ മുന്നോട്ട് നീങ്ങുകയാണത്രെ. എന്നാൽ ഇതുവരെയും പിടിഎയുടെ ഭാഗത്തുനിന്നും വേണ്ട പരിഹാരം കണ്ടെത്താൻ ഒരു ശ്രമവും നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. പരിഹാരം വൈകുന്തോറും ഇവിടെ പഠിക്കുന്ന പെൺകുട്ടികൾ ആണ് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സ്കൂൾ പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം ചെയർമാൻ കെ.തൃദീപ് കുമാർ ഡിഇഒയെ ഫോൺ മുഖാന്തരം വിവരമറിയിച്ചു. തുടർന്ന് ഡിഇഒ ഉടൻ സ്കൂൾ സന്ദർശിക്കുമെന്ന് അറിയിച്ചു. ഒരു വർഷം മുമ്പ് ഇവിടെ സ്വീപ്പർ ആയി ജോലി ചെയ്തിരുന്ന സ്റ്റാഫ് പെൻഷനായി പോയ ശേഷം പുതിയ തസ്തിക സൃഷ്ടിച്ച് സ്റ്റാഫിനെ നിയമിക്കാൻ വേണ്ട നടപടികൾ നടന്നിട്ടില്ലെന്നും ശക്തമായ ആക്ഷേപമുണ്ട്. വിദ്യാർഥികളുടെ ആരോഗ്യം കണക്കിലെടുത്ത് അടിയന്തര പരിഹാരം കാണണമെന്ന് ചെയർമാൻ കെ. തൃദീപ് കുമാർ ആവശ്യപ്പെട്ടു.