കടയ്ക്കാവൂർ എസ്.എൻ.വി.എച്ച്.എസ്‌.എസ്സിലെ ശൗചാലയങ്ങളുടെ അവസ്ഥ ശോചനീയം

കടയ്ക്കാവൂർ : കടയ്ക്കാവൂർ പഞ്ചായത്ത്‌ പരിധിയിലുള്ള കടയ്ക്കാവൂർ ഗവ എസ്‌.എൻ.വി.എച്ച്. എസ്‌. എസ്സിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും ശൗചാലയമില്ല. പെൺകുട്ടികൾ ഉൾപ്പടെ 350 ഓളം വിദ്യാർത്ഥികളും 30 ഓളം അധ്യാപക- അനധ്യാപക സ്റ്റാഫുകളുമുള്ള ഈ സ്കൂളിൽ നിലവിൽ ആകെ 3 ശൗചാലയമാണ് ഉപയോഗിക്കാൻ കഴിയുന്ന താരത്തിലുള്ളത്. ബാക്കി ഉള്ള ശൗചാലയമെല്ലാം തകർന്ന് നാശമായി കിടക്കുകയാണ്. മാത്രമല്ല ശൗചാലയത്തിന് സമീപത്ത് കൂടി നടന്നു പോയാൽ തന്നെ മാരകമായ രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്. അത്രത്തോളം വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്കൂൾ ശൗചാലയങ്ങൾ നിലവിലുള്ളത്. മിക്ക ശൗചാലയത്തിനും നല്ല വാതിൽ പോലുമില്ല. കൂടാതെ വളരെ മോശമായ രീതിയിൽ മാലിന്യം ഉൾപ്പടെ അതേപടിയുള്ള അവസ്ഥയാണ്. ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും. കുറച്ച് നാളുകളായി ഈ അവസ്ഥ തുടരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

ചില വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് 8 ആം വാർഡ് മെമ്പർ സുകുട്ടനും, ബിജെപി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്‌ സാബുവും, കൊച്ചുതിട്ട സുജീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ നേരിട്ടെത്തി പരിശോധന നടത്തി ശൗചാലയങ്ങളുടെ ശോചനീയ അവസ്ഥ വ്യക്തമായതിനെ തുടർന്ന് സ്കൂൾ പ്രിൻസിപ്പാളുമായി ചർച്ച നടത്തി. നിരവധി തവണ സ്കൂൾ അധികൃതർ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും വേണ്ട നടപടികൾ ഇതുവരെയും കൈക്കൊണ്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് സുകുട്ടൻ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു.

സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ ഉന്നത രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിൽ ഈ ഒരു ദുരവസ്ഥ ഉണ്ടായതെന്ന് വിഷമം ഉളവാക്കുന്നതായും അവർ പറഞ്ഞു. നല്ല രീതിയിൽ പിടിഎ വിചാരിച്ചാൽ മാത്രം ഈ ഒരു വിഷയത്തിന് പരിഹാരം കാണാൻ കഴിയുമായിരുന്നു എന്നും സുകുട്ടൻ പറഞ്ഞു. ബിജെപി പ്രവർത്തകർ സ്കൂൾ സന്ദർശിച്ച ശേഷം ഡിഇഒ യെ വിവരം അറിയിക്കുകയും ചെയ്തു. രണ്ടു വർഷം മുൻപുവരെ ഈ സ്കൂളിലെ ശുചീകരണത്തിന് ഒരു തസ്തിക ഉണ്ടായിരുന്നെന്നും അദ്ദേഹം റിട്ടയർ ആയി പോയ ശേഷം മറ്റൊരു സ്റ്റാഫിനെ നിയമിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആരോപണമുണ്ട്. അടിയന്തിരമായി ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ എ.ബി. വി.പി പ്രശ്നത്തിൽ ഇടപെടുമെന്നും രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വലിയ സമരങ്ങൾ നടത്താൻ ബിജെപി തയ്യാറാകുമെന്നും സുകുട്ടൻ അറിയിച്ചു.