ഒരു വാർഡ് കിട്ടിയാൽ പഞ്ചായത്ത് ഭരണം കിട്ടും – കല്ലറ വെള്ളംകുടി വാർഡിൽ ശക്തമായ ഉപതെരഞ്ഞെടുപ്പ്…

കല്ലറ: കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ തീ പാറും പോരാട്ടം.ഉപതിരഞ്ഞെടുപ്പിൽ ആരു വിജയിച്ചാലും അവർക്ക് കല്ലറ പഞ്ചായത്തിന്റെ ഭരണം കൂടി ലഭിക്കുമെന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുള്ളതിനാൽ സംസ്ഥാന നേതാക്കളെവരെ രംഗത്തിറക്കിയാണ് പ്രവർത്തനങ്ങൾ എല്ലാ കക്ഷികളും ഊർജിതമാക്കിയിട്ടുള്ളത്.

വെള്ളംകുടി വാർഡ് അംഗം സജു കെ.എസ്.ആർ.ടി.സി.യിൽ കണ്ടക്ടർ ജോലി കിട്ടി പോയതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കല്ലറ പഞ്ചായത്തിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് എട്ട്, കോൺഗ്രസ്സിന് എട്ട്, സി.പി.ഐ. ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില. തുടർന്ന് സി.പി.ഐ. കൂടി ചേർന്ന് സി.പി.എം. ഭരണത്തിലേറി.

പതിനഞ്ച് വർഷത്തിനു ശേഷമാണ് സി.പി.എം. വീണ്ടും ഭരണത്തിലെത്തിയത്. വെള്ളംകുടിയിലെ വാർഡ് അംഗം സ്ഥാനം രാജിവെച്ചതോടെ ഇരു കക്ഷികളുടേയും സീറ്റ് നില തുല്യമായി. ഇതിനാൽ ആരു ജയിച്ചാലും ആ കക്ഷികൾക്ക് പഞ്ചായത്ത് ഭരിക്കാം. മുൻ കല്ലറ പഞ്ചായത്ത് പ്രസിഡൻറും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ജി.ശിവദാസനാണ് കോൺഗ്രസ്‌ സ്ഥാനാർഥി, അധ്യാപിക ലതയാണ് സി.പി.എം. സ്ഥാനാർത്ഥി. പ്രശാന്താണ് ബി.ജെ.പി.യുടെ സ്ഥാനാർത്ഥി.

ഇതിനകം തന്നെ മൂന്ന് കക്ഷികളും നിരവധി തവണ ഭവന സന്ദർശനം നടത്തിയിരുന്നു. വെള്ളം കുടി വാർഡിലെ പാറമുകൾ നിവാസികൾ ആശ്വാസത്തിലാണ് കനത്ത മഴയത്തുപോലും വെള്ളം കിട്ടാതിരുന്ന പാറമുകളിൽ ഇപ്പോൾ എപ്പോഴും വെള്ളം ലഭിക്കാറുണ്ട്. ഒരു ദിവസമെങ്കിലും വെള്ളം മുടങ്ങിയാൽ പുനസ്ഥാപിക്കാൻ സ്ഥാനാർഥികളുടേയും പാർട്ടി അനുഭാവികളുടേയും നെട്ടോട്ടമാണ്.