കല്ലറ വെള്ളംകുടി വാർഡിൽ വോട്ടർമാർ വിധിയെഴുതി, വോട്ടെണ്ണൽ നാളെ

കല്ലറ: കല്ലറ പഞ്ചായത്ത് ഇനി ആരു ഭരിക്കുമെന്ന് ഇന്ന് വെള്ളംകുടി വാർഡിലെ വോട്ടർമാർ വിധിയെഴുതി. 78 % വോട്ടെടുപ്പ് പൂർത്തിയായതായാണ് 4 അരയ്ക്ക് ലഭിച്ച വിവരം . 5 മണിക്ക് വോട്ടെടുപ്പ് പൂരതോയാകുമ്പോൾ 80% മുകളിൽ വിധിയെഴുത്ത് നടക്കുമെന്ന് പഞ്ചായത്ത്‌ അറിയിച്ചു. കല്ലറ ഗവ. വി.എച്ച്.എസ്.എസിൽ വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് വോട്ടടുപ്പ്. വോട്ടിങ്‌ മെഷീനാണ് വോട്ടിനുവേണ്ടി ഉപയോഗിക്കുന്നത്. രണ്ട് ബൂത്തുകളിലായി ആയിരത്തി മുന്നൂറ്റിനാൽപ്പതോളം വോട്ടുകളുണ്ട്. പഞ്ചായത്തിലെ മുഴുവൻ പ്രവർത്തകരും വെള്ളംകുടി വാർഡിലുണ്ട്. രണ്ടു മുന്നണികളിൽ ആരു ജയിച്ചാലും അവർക്ക് പഞ്ചായത്ത് ഭരിക്കാമെന്നതാണ് ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. വെള്ളംകുടി വാർഡിലെ അംഗം സജു കെ.എസ്.ആർ.ടി.സി.യിൽ ജോലികിട്ടി പോയതിനെത്തുടർന്ന് അംഗത്വം രാജിവെച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

പതിനേഴ് വാർഡുകളുള്ള കല്ലറ പഞ്ചായത്തിൽ സി.പി.എം.-എട്ട്, കോൺഗ്രസ്-എട്ട്, സി.പി.ഐ. ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില. തുടർന്ന് സി.പി.ഐ.യുമായി ചേർന്ന് ഒൻപത് സീറ്റ് ലഭിച്ച സി.പി.എം. ഭരണത്തിലേറുകയും അധ്യാപകനായ കെ.ശാന്തകുമാർ പ്രസിഡന്റാകുകയും ചെയ്തു. വെള്ളംകുടി വാർഡ് അംഗം രാജിവെച്ചതോടെ ഇരു കക്ഷികൾക്കും എട്ട് സീറ്റുകൾ വീതം തുല്യമായി. വെള്ളംകുടി വാർഡിൽ ഇനി ആരു വിജയിച്ചാലും അവരുടെ കക്ഷികളാകും ഇനി കല്ലറ പഞ്ചായത്ത് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കളെവരെ ഇറക്കിയാണ് എല്ലാ കക്ഷികളും പ്രചാരണം നടത്തിയത്.

അധ്യാപിക ലത (സി.പി.എം), മുൻ കല്ലറ പഞ്ചായത്ത് പ്രസിഡൻറായിരുന്ന ജി.ശിവദാസൻ (കോൺഗ്രസ്), പ്രശാന്ത് (ബി.ജെ.പി.) എന്നിവരാണ് മത്സരരംഗത്തുള്ളത്. വെള്ളിയാഴ്ച രാവിലെ കല്ലറ പഞ്ചായത്ത് ഹാളിൽവെച്ചാണ് വോട്ടെണ്ണൽ.