കണിയാപുരം ലെവൽ ക്രോസ്സിലെ വാഹനങ്ങളുടെ തിരക്ക്, വാഹനങ്ങൾ പോകാൻ ട്രെയിൻ കാത്ത് നിൽക്കുമോ?

കണിയാപുരം : ട്രെയിൻ പോകുംവരെ ലെവൽക്രോസിനു ഇരുവശത്തും വാഹനങ്ങൾ കാത്തു നിൽക്കുന്നത് പതിവാണ്. എന്നാൽ, വാഹനങ്ങൾ ലെവൽക്രോസ് കടന്നു പോകുംവരെ ട്രെയിൻ കാത്തു നിൽക്കേണ്ടിവരുമോ? വല്ലപ്പോഴും അങ്ങനെയും സംഭവിച്ചിട്ടുണ്ട് കണിയാപുരത്ത്. തിരക്കേറിയ നേരത്ത് അത്രയ്ക്കുണ്ടാകും അവിടെ വാഹനക്കുരുക്ക്. എട്ടു ട്രെയിനുകൾക്കെ കണിയാപുരം സ്റ്റേഷനിൽ സ്റ്റോപ്പുള്ളൂ. കൊല്ലം-തിരുവനന്തപുരം പാസഞ്ചറിന്റെ രണ്ടു ട്രിപ്പുകൾ, കൊല്ലം-കന്യാകുമാരി മെമു, പുനലൂർ-മധുര പാസഞ്ചർ എന്നീ തെക്കോട്ടുള്ള വണ്ടികളും അവയുടെ എതിർ ട്രിപ്പുകളുമാണവ. നിർത്തുന്നതും നിർത്താത്തതുംകൂടി നൂറിലേറെ ട്രെയിനുകളാണ് രണ്ടു ദിക്കിലേക്കുമായി ദിനവും കണിയാപുരം കടന്നുപോകുന്നത്. കൂടാതെ, ഗുഡ്‌സ് വണ്ടികളും എൻജിനുകളും കടന്നുപോകും. ഒരു വണ്ടിക്കുവേണ്ടി മൂന്നു മിനിറ്റ്‌ ലെവർക്രോസ് അടയ്ക്കേണ്ടിവരുമെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത്. അപ്പോൾ എതിരേയും വണ്ടി വരാനുണ്ടെങ്കിൽ അഞ്ചു മിനിറ്റെടുത്തേക്കും. എന്നാൽ, പത്തോ പതിനഞ്ചോ മിനുറ്റ്‌ കാത്തുനിന്ന എത്രയോ അനുഭവങ്ങൾ ഉണ്ടെന്ന് മോട്ടോർ വണ്ടികൾ ഓടിക്കുന്നവർ പറയുന്നു.

നിരയുടെ പിന്നിലുള്ള വാഹനങ്ങൾ ഗേറ്റ് അടുക്കാറാകുമ്പോൾ അടുത്ത ട്രെയിനിനു വേണ്ടി ഗേറ്റ് അടച്ചേക്കും. റെയിൽവേയിലെ ആളുകൾ പറയുന്ന കണക്കുവെച്ചു കൂട്ടിയാലും ദിനംപ്രതി ആകെ നാലോ അഞ്ചോ മണിക്കൂർ അടച്ചിടുന്നുണ്ടാകണം. തെക്കോട്ടുള്ള ട്രെയിൻ മുരുക്കുമ്പുഴയിലും വടക്കോട്ടുള്ളത് കഴക്കൂട്ടത്തും എത്തുംമുമ്പാണ് കണിയാപുരം റോഡിലെ ലെവൽക്രോസ് അടയ്ക്കുക. രാവിലെയും വൈകീട്ടും അടയ്ക്കുന്ന നേരങ്ങളിൽ, ചിലപ്പോൾ പടിഞ്ഞാറ് മസ്താൻമുക്കുവരെയും കിഴക്ക് ആലുംമൂടുവരെയും വാഹനനിരകൾ നീളും. ഗേറ്റ് തുറന്നാൽ, ഈ നിരകൾ കടന്നുപോയിക്കിട്ടും മുമ്പ് അടുത്ത ട്രെയിനിനു വേണ്ടി അടയ്ക്കാൻ സമയമാകും. ഗേറ്റുകൾ താഴ്ത്താൻ ഇടം കിട്ടാത്തവിധം തിങ്ങിപ്പോകുകയാകും വാഹനങ്ങൾ. ഇരു ഗേറ്റുകൾക്കുമിടയിൽ വാഹനങ്ങൾ ഒഴിഞ്ഞുകിട്ടാൻവേണ്ടി ട്രെയിൻ കാത്തുനിന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കണിയാപുരത്ത് ലെവൽക്രോസിനു പകരം മേൽപ്പാലം വേണമെന്ന് പാർട്ടികളും മറ്റു സംഘങ്ങളും കാര്യമായി ആവശ്യപ്പെട്ടു തുടങ്ങിയിട്ട് പത്തുകൊല്ലത്തോളമായി. അതിനായി 2012-ൽ അണ്ടൂർക്കോണം പഞ്ചായത്ത് പ്രമേയം പാസാക്കി. അന്നത്തെ എം.എൽ.എ.യായ പാലോട് രവിയുടെയും അന്നത്തെ എം.പി.യായ എ.സമ്പത്തിന്റെയും സഹായത്തോടെ ആവശ്യം റെയിൽവേ മന്ത്രാലയം വരെ എത്തിച്ചിരുന്നു. അക്കാലത്ത് പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണിയും ആവശ്യത്തെ പിന്തുണച്ചു. പാലത്തിന് സ്ഥലം സംസ്ഥാനം ഏറ്റെടുത്തുകൊടുത്താൽ, പണിയിക്കാമെന്ന പതിവുനിലപാടായിരുന്നു റെയിൽവേക്ക്. യു.പി.എ. സർക്കാരിനുശേഷം വന്ന എൻ.ഡി.എ. സർക്കാരും ഈ ആവശ്യത്തെ അനുകൂലിച്ചു.

പ്രാരംഭപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ 35 കോടി രൂപ അനുവദിക്കുകയുണ്ടായി. നാലുമാസംമുമ്പ് സ്ഥലമെടുപ്പിന് സർവേ നടന്നു. സ്ഥലമെടുപ്പിനുള്ള തുടർപ്രവർത്തനങ്ങൾ താമസംകൂടാതെ നടക്കുകയും മേൽപ്പാലത്തിനുള്ള ആവശ്യം ഇനിയും ശക്തമായി കേന്ദ്രസർക്കാരിനോട് ഉന്നയിക്കുകയും ചെയ്താലേ രക്ഷയുള്ളൂ. കണിയാപുരത്തിന് ഇരുവശത്തായി മേൽപ്പാലമുള്ളത് മേനംകുളത്തും കടയ്ക്കാവൂരിലുമാണ്. ദേശീയപാതയെയും തീരദേശ റോഡിനെയും ബന്ധിപ്പിക്കാൻ കണിയാപുരത്തും സ്റ്റേഷൻ കടവിലും വേളിയിലുമൊക്കെ മേൽപ്പാലമോ അടിപ്പാതയോ വേണ്ടത് ഇനിയുള്ള കാലത്ത് അത്യാവശ്യമാണ്