കരകുളത്തെ യോഗ പരിശീലന കേന്ദ്രത്തിൽ തിരക്ക്

കരകുളം : കരകുളം ഗ്രാമപഞ്ചായത്ത് വനിതകൾക്കായി നടപ്പിലാക്കിയ യോഗപരിശീലന സെന്ററിൽ പരിശീലനം തേടി എത്തുന്നവരുടെ തിരക്ക്. കാച്ചാണി വാർഡിൽ പ്രവർത്തനം ആരംഭിച്ച സെന്ററിൽ ദിവസവും രണ്ട് ബാച്ചിലായി 100-ലേറെ വനിതകളും കുട്ടികളുമാണ് പരിശീലനം നേടുന്നത്. ഗ്രാമപഞ്ചായത്ത് 2018-19ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കർമ്മപദ്ധതിയാണ് ഏറെ ഉപകാരപ്രദമായി മാറിയ യോഗ സെന്റർ. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനിലയുടെയും കാച്ചാണി വാർഡ് മെമ്പർ വികാസ് ദിവാകരന്റെയും പരിശ്രമഫലമായാണ് യോഗസെന്റർ ആരംഭിച്ചത്. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ലീന, ഡോ. കാർത്തിക എന്നിവരും യോഗ പരിശീലക രാധികയുമാണ് നേതൃത്വം നൽകുന്നത്. 2019-20ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെൽനസ്സ് സെന്ററിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് തുക വകയിരുത്തിയതായി പ്രസിഡന്റ് അറിയിച്ചു. അന്താരാഷ്‌ട്ര യോഗാദിനാചരണം വാർഡ് മെമ്പർ വികാസ് ദിവാകരന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ്‌ എം.എസ്. അനില ഉദ്ഘാടനം ചെയ്തു. ഡോ. കാർത്തിക സ്വാഗതം പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ബ്രഹ്മാനന്ദൻ, യോഗ ടീച്ചർ രാധിക എന്നിവർ സംസാരിച്ചു.