കാട്ടാക്കടയിലെ ഗതാഗത കുരുക്ക് അഴിക്കാൻ നീക്കം

കാട്ടാക്കട: കാട്ടാക്കട പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവകക്ഷിയോഗ തീരുമാനപ്രകാരമുള്ള സംയുക്ത ഉദ്യോഗസ്ഥ പരിശോധന നടത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കർശനമായി ഒഴിപ്പിക്കേണ്ട വഴിയോരക്കച്ചവടങ്ങൾ, ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന ടെലിഫോൺ വൈദ്യുതത്തൂണുകൾ, കൈയേറ്റങ്ങൾ എന്നിവ കണ്ടെത്തുന്നതിനാണ് ചൊവ്വാഴ്ച റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തിയത്.

പോലീസ് സ്റ്റേഷൻ മുതൽ മൊളിയൂർ റോഡ് വരെയും നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജങ്ഷൻ വരെയുമുള്ള ഭാഗങ്ങൾ സംഘം പരിശോധിച്ച് പട്ടിക തയ്യാറാക്കി. മാർക്കറ്റിന് സമീപത്തെ ഓട്ടോ സ്റ്റാൻഡ്, ബസ് പാർക്കിങ് എന്നിവ ക്രമീകരിക്കുന്നതിനായും റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. നടപ്പാതയിലേക്ക് ഇറക്കിവച്ചിരിക്കുന്ന ബോർഡുകൾ, സാധനങ്ങൾ എന്നിവ എടുത്തുമാറ്റാൻ ഉടമസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പാത പൂർണമായും വഴിയാത്രക്കാർക്ക് ഉപയോഗിക്കാനാകുംവിധം കൈയേറ്റങ്ങൾ നിർബന്ധമായും ഒഴിപ്പിക്കും. കാട്ടാക്കട തഹസിൽദാർ ഗോപകുമാർ, പോലീസ് ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അടുത്തു ചേരുന്ന സർവകക്ഷിയോഗത്തിൽ റിപ്പോർട്ട് ചർച്ചചെയ്ത ശേഷമാകും നടപ്പാക്കുക.