‘പോസ്റ്റിൽ ചാരി നിൽക്കുന്ന മരം എത്ര ജീവനും കൊണ്ട് പോകും?’ കാട്ടായിക്കോണം ഒരുവാമൂല ജംഗ്ഷനിൽ വൻ അപകടത്തിന് സാധ്യത

പോത്തൻകോട് : പോത്തൻകോട് ഇലക്ട്രിസിറ്റി ബോർഡിന് കീഴിൽ കാട്ടായിക്കോണം ഒരുവാമൂല ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റിലേക്ക് ചാരി നിൽക്കുന്ന മരത്തിന്റെ ശിഖരം അപകട ഭീതിയിലാഴ്ത്തുന്നു . നിരവധി സ്ഥാപനങ്ങളും വാഹന ഷോറൂമും എല്ലാം ഉള്ള ഇവിടെ ഏത് സമയവും പോസ്റ്റ്‌ നിലം പതിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്വകാര്യ വ്യക്തിയുടെ മാവിന്റെ ശിഖരമാണ് ആണ് പോസ്റ്റിലേക്ക് ചാരി പോസ്റ്റും ചരിഞ്ഞു നിൽക്കുന്നത്. ശക്തമായ മഴയോ കാറ്റോ വന്നാൽ എന്താണ് സംഭവിക്കുക എന്ന് ആർക്കും പറയാൻ കഴിയില്ല. അത്രത്തോളം വലിയ അപകടം ഇവിടെ പതിയിരിക്കുന്നു. കുഞ്ഞ് കുട്ടികളും, സ്ത്രീകളും, വയോധികരും ഉൾപ്പടെ ഇതുവഴി കാൽനടയായി പോകുന്നവർ ഏറെയാണ്. മാത്രമല്ല ഇവിടെ എപ്പോഴും വാഹന ഗതാഗതം ഇടവേളകളില്ലാതെ കടന്നു പോകുന്നുണ്ട്.

ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും വേണ്ട പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്. കൂടാതെ സ്വകാര്യ വ്യക്തി തന്നെ മാവിന്റെ ശിഖരം മുറിച്ചു മാറ്റണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് നാട്ടുകാർ പറയുന്നു. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പിന്നെ കണ്ണീരുള്ള വാർത്തകൾ പറയാനേ നേരം കാണു എന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.