കേരളപഠനത്തിന് ഒരു പുതിയ ചുവട് വെപ്പ്

കേരള സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര കേരളപഠനകേന്ദ്രം കേരളപഠനവിഭാഗമായി മാറ്റി.ഈ വിഭാഗത്തിലെ ആദ്യത്തെ എം എ കോഴ്സ് ഇന്നലെ 19- 06 -2019 കേരളസര്‍വകലാശാല രജിസ്ട്രാർ ഡോ. സി. ആർ. പ്രസാദിന്റെ അധ്യക്ഷതയിൽ കേരള സർവകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ പി പി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സാഹിത്യവും സംസ്കാരവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സാഹിത്യപഠനം ഭാഷയിലെ സാഹിത്യരചനകളെ മാത്രം ആസ്പദമാക്കി തുടര്‍ന്നാല്‍ പോരാ, മനുഷ്യന്റെ ദൈനംദിന ജീവിതവുമായും,മറ്റ് വൈജ്ഞാനികമേഖലകളുമായും ബന്ധം പുലര്‍ത്തേണ്ടതുണ്ട്.സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വിശാലമായ ഭൂമികയിലേക്കുള്ള സഞ്ചാരം കേരളപഠനവിഭാഗത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.തുടര്‍ന്ന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ച സിന്‍ഡിക്കേറ്റംഗങ്ങളായ ഡേ എസ് നസീബും ഷിജുഖാനും കേരളപഠനവിഭാഗത്തിന്റെ രൂപീകരണത്തെപ്പറ്റിയും ഭാവിയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസാരിച്ചു.കേരളപഠനവിഭാഗം കേവലം സാഹിത്യപഠനം മാത്രമല്ല ലക്ഷ്യമാക്കുന്നത്,സംസ്കാരപഠനത്തിന്റെയും,മാധ്യമപഠനത്തിന്റെയും നൂതനോപാധികളെ പഠിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത് എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഡോ ദേശമംഗലം രാമകൃഷ്ണന്‍,ഡോ ജി പത്മറാവു,ഡോ ബി വി ശശികുമാര്‍,കേരളപഠനവിഭാഗം ലൈബ്രേറിയന്‍ പ്രശാന്ത് വി,കേരളപഠനവിഭാഗം ഗവേഷക മായ കെ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.ഗവേഷകനായ മനോജ് എം സ്വാഗതവും,ഗവേഷകയായ ശ്രുതി എസ് ജി നന്ദിയും പറഞ്ഞു.

സാഹിത്യം,മാധ്യമം,ഭാഷ തുടങ്ങിയ മനുഷ്യവ്യവഹാരങ്ങളെ സാംസ്കാരികമേഖലയുമായി കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു സിലബസ്സാണ് ഈ വിഭാഗത്തിലുള്ളത്.എം എ സാഹിത്യപഠനം-കേരളപഠനം-മാധ്യമപഠനം എന്ന വിഷയത്തിലുള്ള ഈ കോഴ്സ് കേരളീയ ജീവിതത്തിന്റെ സമസ്തമേഖലകളും അഭിസംബോധന ചെയ്യുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.ഒരേ സമയം എം എ മലയാളസാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ജോലിസാധ്യതയോടൊപ്പം മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ജോലിസാധ്യതകളും മുന്നില്‍ കണ്ടാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

ഷിജുഖാൻ
ഡോ. എസ്‌ നസീബ്
ഡോ ദേശമംഗലം രാമകൃഷ്ണൻ
ഡോ ജി പത്മറാവു
ഡോ ബി. വി ശശികുമാർ
ഡോ. പി.പി അജയകുമാർ
ഡോ സി. ആർ പ്രസാദ്