വാട്ടർ പൈപ്പ് ഇടാൻ എടുത്ത കുഴി അപകടക്കെണി, വാഹനങ്ങൾ കുഴിയിലകപ്പെടുന്നു, വൻ അപകടങ്ങൾക്ക് സാധ്യത

കിഴുവിലം : കിഴുവിലം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എൻ.ഇ.എസ്‌ ബ്ലോക്ക് മുതൽ ഇരട്ടക്കലിങ്ക് ജംഗ്ഷൻ വരെ വാട്ടർ കണക്ഷൻ പൈപ്പ് പഴയത് മാറ്റി പുതിയത് സ്ഥാപിക്കാനെടുത്ത കുഴി അപകടം വിതയ്ക്കുന്നു. ആറു മാസം മുൻപാണ് മൂന്നടി താഴ്ചയിലും ഒരടി വീതിയിലും കുഴിയെടുത്തത്. മാർച്ചിന് മുൻപ് റോഡ് റീ ടാറും റോഡുവശങ്ങളിൽ കോൺക്രീറ്റ് ചെയ്യുമെന്നാണ് പഞ്ചായത്ത്‌ പ്രസിഡന്റും 15ആം വാർഡ് മെമ്പറുമായ എ അൻസാർ അന്ന് പറഞ്ഞിരുന്നതെന്ന് ജനങ്ങൾ പറയുന്നു. എന്നാൽ പൈപ്പ് സ്ഥാപിച്ച് മണ്ണ് ഇട്ടെങ്കിലും മഴക്കാലത്ത് മണ്ണ് കുടുങ്ങിത്താഴ്ന്ന് ചതുപ്പ് പോലെയായി. പല സ്ഥലത്തും നിരപ്പായ റോഡിനോട് ചേർന്ന് മണ്ണ് പൊങ്ങിയെങ്കിലും അറിയാതെ വാഹനങ്ങളോ കാൽ നടയാത്രികരോ അതുവഴി നടന്നാൽ കുടുങ്ങിത്താഴും. ഇതിനോടകം നിരവധി വാഹനങ്ങൾ കുഴിയിൽ അകപ്പെട്ടു. സ്കൂൾ കുട്ടികളും ഇതുവഴി നടന്നുപോകുന്നുണ്ട്. നിരവധി സ്കൂൾ ബസ്സുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. മാത്രമല്ല അപകടം മനസ്സിലാക്കി പല സ്കൂൾ ബസ്സുകളും ഇപ്പോൾ ഇതുവഴി വരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. അടിയന്തിരമായി ഈ വിഷയത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വൻ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.