കെഎസ്ആർടിസി ബസ് കത്തി നശിച്ചു: കാരേറ്റ് സ്വദേശി ഡ്രൈവറും പള്ളിക്കൽ സ്വദേശി കണ്ടക്ടറും മെഡിക്കൽ കോളേജിൽ

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും ടാര്‍ മിക്‌സിങ് വാഹനവും കൂട്ടിയിടിച്ച് തീപിടിച്ചു. കൊട്ടാരക്കരക്ക് സമീപം വയക്കലില്‍ ആണ് അപകടമുണ്ടായത്. ടാര്‍ മിക്‌സ് യൂണിറ്റ് വാഹനവും ബസും പൂര്‍ണമായും കത്തിനശിച്ചു.

അപകടത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ് ഡ്രൈവര്‍ കാരേറ്റ് സ്വദേശി പ്രകാശ് (50), കണ്ടക്ടര്‍ പള്ളിക്കല്‍ സ്വദേശി സജീം (41) എന്നിവരാണ് ചികിത്സയിലുള്ളത്. പ്രകാശിന് പൊള്ളലും സജീമിന് തലയ്ക്ക് പരിക്കുമുണ്ട്. പൊള്ളലേറ്റ മറ്റുള്ളവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊട്ടാരക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി.

മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. നാട്ടുകാരുടെ ഇടപെടലും ആളപായമില്ലാതിരിക്കാന്‍ സഹായമായി. തീ ആളിപ്പടരുന്നതിന് മുന്‍പു തന്നെ യാത്രക്കാരെ പൂര്‍ണമായും ബസില്‍ നിന്നും ഇറക്കാനായി.