പൊട്ടിപ്പൊളിഞ്ഞ് തകർന്നടിഞ്ഞ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്…

കിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലെ ടാർ മുഴുവൻ പൊളിഞ്ഞിളകി. കുഴികൾ നിറഞ്ഞതിനെത്തുടർന്ന് ജീവനക്കാർ മണ്ണും കട്ടകളുമിട്ട് കുഴികൾ മൂടിയിരിക്കുകയാണിപ്പോൾ.

സംസ്ഥാനപാതയിലെ പ്രധാന കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലൊന്നാണിത്. മലയോരമേഖലയിലേക്കാണ് ഇവിടെനിന്നു കൂടുതൽ സർവീസുകളുള്ളത്. തിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര ബസുകളും സ്റ്റാൻഡിൽ കയറും. ദിവസേന നൂറുകണക്കിനു യാത്രക്കാരാണ് ഡിപ്പോയെ ആശ്രയിക്കുന്നത്. സ്റ്റാൻഡിനുള്ളിൽ കുഴികൾ നിറഞ്ഞതോടെ ബസുകൾക്കു കടന്നുപോകുന്നതിനു ബുദ്ധിമുട്ടായി. ഇതേത്തുടർന്നാണ് ജീവനക്കാർ കല്ലും സിമന്റ് കട്ടകളുമിട്ട് കുഴികൾ മൂടിയത്.

സ്റ്റാൻഡിനുള്ളിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ അശാസ്ത്രീയ നിർമാണം കാരണം ബസുകൾ സ്റ്റാൻഡിലെത്തിയാൽ യാത്രക്കാർക്കു പുറത്തിറങ്ങി നോക്കിയാൽ മാത്രമേ ബോർഡ് വായിക്കാനാകൂ. സ്റ്റാൻഡിലെ ടാറും മെറ്റലും ഇളകിയതോടെ ഇങ്ങനെ പുറത്തേക്കിറങ്ങുന്ന യാത്രക്കാർ വീഴുന്നതും പതിവായി.

കുഴികളിൽ കെട്ടിനില്ക്കുന്ന വെള്ളത്തിലേക്ക് ബസുകൾ വന്നിറങ്ങുമ്പോൾ സമീപത്തുനില്ക്കുന്ന യാത്രക്കാരുടെ ദേഹത്തേക്കു ചെളി തെറിക്കും. മഴയില്ലാത്ത സമയങ്ങളിൽ രൂക്ഷമായ പൊടിയുമുണ്ട്. സ്റ്റാൻഡ് തകർന്നിട്ടു മാസങ്ങളായെങ്കിലും നന്നാക്കാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. സ്റ്റാൻഡ് റീടാർ ചെയ്യുന്നതിന് അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.