ദുരിതം നൽകുന്ന മഞ്ചാടിമൂട് – കോളിച്ചിറ റോഡ്

അഴൂർ : ദുരിതം നൽകുന്ന മഞ്ചാടിമൂട് – കോളിച്ചിറ റോഡ് ജനങ്ങൾക്ക്‌ വെല്ലുവിളി ആകുന്നു . റോഡിന്റെ പല ഭാഗത്തും മെറ്റലുകൾ ഇളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. രണ്ട് പി.ഡബ്ലിയു.ഡി റോഡുകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. ഏകദേശം രണ്ടര കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് അര കോടിയോളം രൂപ ചെലവഴിച്ച് 2012ലാണ് റീടാർ ചെയ്തത് . കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളുമടക്കം പത്തിലേറെ സർവീസുകൾ ഇതുവഴി നടത്തുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം മുൻകാലങ്ങളിൽ കുറേക്കാലം കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തിവെച്ചിരുന്നു. ഈ അടുത്തകാലത്തും കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിവെച്ചേക്കുമെന്ന് ശ്രുതി പരന്നതോടെ നാട്ടുകാർ മുൻകൈ എടുത്ത് റോഡിലെ കുഴികൾ അടച്ചു. അവയെല്ലാം അതിനുശേഷം പെയ്ത മഴയിൽ മണ്ണൊലിച്ച് പോയി വീണ്ടും വൻ ഗർത്തങ്ങളായിരിക്കുകയാണ്. ഇവിടുത്തെ കുഴികളിൽ വീണ് പരിക്കൽക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ച് വരികയാണ്. ഈ റോഡിൽ മഞ്ചാടിമൂട്, കോളിച്ചിറ കയർ സൊസൈറ്റി ജംഗ്ഷൻ, ചേമ്പൂംമൂല തുടങ്ങിയ പത്തിലേറെ ഭാഗങ്ങളിൽ റോഡ് പാടേ തകർന്നിരിക്കുകയാണ്. പകൽ വീട്, വിജ്ഞാൻഭവൻ, കയർ സംഘം, പാൽ സൊസൈറ്റി, വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാങ്ക്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നവർ ആശ്രയിക്കുന്ന റോഡാണിത്. ഇതിനുപുറമേ ചിറയിൻകീഴ് ഭാഗത്ത് നിന്ന് ദേശീയപാതയിൽ കടക്കാൻ എളുപ്പമാർഗമെന്ന രീതിയിൽ മറ്റ് വാഹനങ്ങളും ഇതുവഴി സഞ്ചരിക്കാറുണ്ട്. ഇത്രയേറെ പ്രാധാന്യമുളള റോഡായിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അലംഭാവം നാട്ടുകാരെ ക്ഷുഭിതരാക്കുന്നു.