മാറനല്ലൂർ പഞ്ചായത്തിലെ 2 വാർഡുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് 27ന്.

മാറനല്ലൂർ: മാറനല്ലൂർ പഞ്ചായത്തിലെ 2 വാർഡുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് ജൂൺ 27ന്. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ കുഴിവിള, കണ്ടല വാർഡുകൾ തിരഞ്ഞെടുപ്പ് ചൂടിലമർന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും സിറ്റിങ് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. ഇവിടത്തെ ജനപ്രതിനിധികൾക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കുഴിവിളയിൽ സരോജമാണ് കോൺഗ്രസ് സ്ഥാനാർഥി. സിപിഐ പ്രതിനിധി തിലോത്തമ ഇടത് സ്ഥാനാർഥി. ഹേമ ശേഖറാണ് ബിജെപി സ്ഥാനാർഥി. കണ്ടലയിൽ സബീന കോൺഗ്രസ് സ്ഥാനാർഥി. സിപിഎമ്മി ലെ നസീറ ഇടത് സ്ഥാനാർഥി. ബിജെപി പ്രതിനിധി ശ്രീജ. ഇടത് മുന്നണിയുടെ സിറ്റിങ് സീറ്റായിരുന്ന കുഴിവിള 79 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വാർഡിൽ ബിജെപി നേരിയ ലീഡ് നേടുകയും ചെയ്തു.

തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ബിജെപി.  സീറ്റ് പിടിച്ചെടുക്കുമെന്ന വാശിയിലാണ് കോൺഗ്രസും ഇടത് മുന്നണിയും.സിപിഐക്ക് സ്വാധീനമുള്ള വാർഡാണ്. അഭിമാന പോരാട്ടമാണ് ഇവിടെ ഇടത് മുന്നണിക്ക്.108 പുതിയ വോട്ടർമാരുൾപ്പെടെ 1447 വോട്ടർമാരാണുള്ളത്. കണ്ടലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 200ലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപിഎം പ്രതിനിധി വിജയിച്ചത്.

പുതിയ സാഹചര്യത്തിൽ സീറ്റ് പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്. ന്യൂനപക്ഷ മേൽക്കൈയുള്ള  വാർഡിൽ 2–ാം സ്ഥാനത്തെങ്കിലും എത്താനുള്ള തീവ്ര ശ്രമമാണ് ബിജെപിയുടേത്.108 പുതിയ വോട്ടർമാരുൾപ്പെടെ 1369 വോട്ടർമാരുണ്ട്. ഫലം എന്തായാലും ഭരണ മാറ്റത്തിന് സാധ്യത ഇല്ല.ആര് നേട്ടമുണ്ടാക്കിയാലും 21 അംഗ ഭരണ സമിതിക്ക് ഭീഷണിയാവില്ല. കോൺഗ്രസിനും ബിജെപിക്കും 8 അംഗങ്ങൾ വീതമുണ്ട്. സിപിഎം–4,സിപിഐ 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില.