വാഴ നട്ട് പ്രതിഷേധിക്കാൻ നിന്നില്ല : അധികൃതർ പരിഹരിക്കാത്ത റോഡ് തകർച്ച നാട്ടുകാർ കോൺക്രീറ്റ് ചെയ്തു

മാറനല്ലൂർ : സാധാരണ റോഡുകൾ തകരുമ്പോൾ അധികൃതർ പരിഹാരം കാണാൻ വൈകിയാൽ നാട്ടുകാരും മറ്റു പാർട്ടിക്കാരും ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അതിൽ പ്രധാനമാണ് വാഴ നട്ടുള്ള പ്രതിഷേധം. എന്നാൽ  മാറനല്ലൂർ-മണ്ണടിക്കോണം റോഡിലെ കുഴികൾക്ക് മീതെ വാഴ നട്ട് പ്രതിഷേധിക്കാതെ നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് കുഴി അടച്ചു. ദിവസവും നിരവധി അപകടങ്ങൾ ഈ റോഡിൽ നടക്കുന്നുണ്ട്. അപകടം പതിവായതോടെ അധികൃതരെ വിവരമറിയിച്ചെങ്കിലും പരിഹാരം കാണാതായതോടെയാണ് മെറ്റലും സിമന്റും പാറപ്പൊടിയും ഉപയോഗിച്ച് നാട്ടുകാർ റോഡിലെ കുഴികൾ മൂടിയത്. മഴക്കാലമായതോടെ അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചിരുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽ പെടുന്നതിലേറെയും. നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ ആശുപത്രി ജംഗ്ഷൻ മുതൽ മൂലക്കോണം വരെയുളള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് 10 വർഷം കഴിഞ്ഞു. വൻ കുഴികൾ രൂപപ്പെടുമ്പോൾ പൊതുമരാമത്ത് വകുപ്പ് കരാറുകാരെ കൊണ്ട് കുഴിമൂടൽ പ്രഹസനം നടത്തി തടിതപ്പുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന് മധ്യഭാഗത്തുകൂടെ കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ കൂറ്റൻ പൈപ്പ് ലൈൻ കടന്നുപോകുന്നതിനാൽ ഇടയ്ക്കിടെ പൈപ്പ് പൊട്ടി റോഡ് മുഴുവൻ വെള്ളത്തിൽ മൂടാറുണ്ട്.ആ സമയത്ത് അപകടങ്ങളും വർദ്ധിയ്ക്കും.നെയ്യാറ്റിൻകരയെ നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.മഴയിൽ വെളളം മൂടി കുഴികൾ കാണാൻ സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാർ റോഡ് നവീകരണത്തിന് തയാറായത്.