മീനമ്പള്ളിത്തോടിന്റെ ശനിദശ മാറുന്നു, നാട്ടുകാരും ജനപ്രതിനിധികളും കൈകോർക്കുന്നു

വിളവൂർക്കൽ : മീനമ്പള്ളിത്തോട്‌ ഒരു വ്യാഴവട്ടം അനുഭവിച്ചുതീര്‍ത്ത യാതനകളില്‍ നിന്നും മുക്‌തി നേടുന്നു. രണ്ട്‌ ഗ്രാമങ്ങളിലെ ആയിരങ്ങള്‍ക്ക്‌ സംവത്സരങ്ങളായി ശുദ്ധജലം നല്‍കുന്ന തോടിന്‌ ശാപമോക്ഷം നല്‍കാന്‍ നാട്ടുകാരും ജനപ്രതിനിധികളും, കുടുംബശ്രീ, തൊഴിലുറപ്പ്‌ ഗുണഭോക്‌താക്കളും കൈകോര്‍ത്തതോടെ ഹരിത ശോഭയില്‍ മീനമ്പള്ളി തോട്‌ ഇനി ശാന്തമായൊഴുകും.

വിളപ്പില്‍ശാലക്കടുത്ത്‌ കണികാണും കുന്നിന്റെ താഴ്‌വാരങ്ങളില്‍ നിന്നും ഉറവയെടുത്ത്‌ മൈലാടി, ചൊവ്വള്ളൂര്‍ ഗ്രാമങ്ങളിലെ ഒഴുകിയെത്തി കരമനയാറില്‍ വിലയം പ്രാപിക്കുന്നതിനിടെ നാട്ടുകാര്‍ക്ക്‌ നനക്കാനും കുളിക്കാനും കൃഷിചെയ്യാനും ഏത്‌ കാലാവസ്‌ഥയിലും അനുഗ്രഹദായിനി ആയിരുന്നു മീനമ്പള്ളി തോട്‌. മീനമ്പള്ളി തോടിന്റെ ഉദ്‌ഭവ സ്‌ഥാനമായ കണികാണും കുന്നില്‍ നഗരസഭയുടെ ചവര്‍ സംസ്‌കരണ ഫാക്‌ടറി വന്നതോടെയാണ്‌ ജീവദായിനിയായ ശുദ്ധജല വാഹിനിയുടെ കഷ്‌ടകാലം ആരംഭിക്കുന്നത്‌. കുന്നിന്‍ചരുവില്‍ കുഴിച്ചുമൂടപ്പെട്ട ദശലക്ഷക്കണക്കിന്‌ ടണ്‍ ജൈവ, അജൈവ മാലിന്യങ്ങളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കറുത്തിരുണ്ട രാസലായിനി മീനമ്പള്ളി തോടിനെ വിഷലിപ്‌തമാക്കി. തോടിലെ ജലത്തില്‍ കുളിക്കാനോ, നനക്കാനോ, കൃഷിക്ക്‌ ഉപയോഗിക്കാനോ കഴിയാതെയായി. അറിയാതെയെങ്കിലും ജലത്തിലിറങ്ങുന്നവര്‍ക്ക്‌ ത്വക്ക്‌ രോഗങ്ങള്‍ പിടിപെടാന്‍ തുടങ്ങി. മീനംപള്ളിത്തോട്‌ ചെന്നവസാനിക്കുന്ന കരമനയാറ്റിലെ സംഗമ സ്‌ഥാനത്ത്‌ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്‌ വന്‍ പരിസ്‌ഥിതി ആഘാതത്തിനിടയാക്കിയതോടെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്‌. കരമനയാര്‍ മലിനപ്പെട്ടതോടെ നഗരത്തിലെ പമ്പിങ്‌ സ്‌റ്റേഷനുകള്‍ സ്‌ഥിതിചെയ്യുന്ന ഇടങ്ങളിലെ ജനപ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. മാലിന്യ സംസ്‌കരണ ഫാക്‌ടറി എന്നന്നേക്കുമായി അടച്ചുപൂട്ടിയതോടെയാണ്‌ മീനംപള്ളിത്തോടിന്റെ ശാപം മെല്ലെ മാറിത്തുടങ്ങിയത്‌.
പരിസ്‌ഥിതി ദിനത്തില്‍ മൈലാടി വാര്‍ഡിലെ വിദ്യാര്‍ഥികളും കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ്‌ തൊഴിലാളികളും ചേര്‍ന്നാണ്‌ തോട്‌ ശുചീകരിച്ച്‌ വശങ്ങളില്‍ വേപ്പിന്‍ തൈയ്യും മുളം തൈയും നട്ടുപിടിപ്പിച്ചത്‌. തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൈകളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന്‌ വാര്‍ഡ്‌ മെമ്പര്‍ അറിയിച്ചു.
ഐ.ബി. സതീഷ്‌ എം.എല്‍.എ വേപ്പിന്‍തൈ നട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.അനില്‍കുമാര്‍, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ വിളപ്പില്‍ രാധാകൃഷ്‌ണന്‍, വാര്‍ഡ്‌ മെമ്പര്‍ ബി. ശോഭന എന്നിവര്‍ നേതൃത്വം നല്‍കി.