ജി.പി.എസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജൂണ്‍ 18ന് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജൂണ്‍ 18 ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ വാഹന സംരണസമിതി അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമിതി നേതാക്കള്‍ വ്യക്തമാക്കി.

ജൂണ്‍ ഒന്നു മുതലാണ് ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ പ്രാരംഭ ഘട്ടത്തിലെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നും മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികളുടെ അടിസ്ഥാനത്തിലായിരിന്നു ഈ തീരുമാനം.