പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു, അപകടഭീതിയിൽ യാത്രക്കാർ

കിഴുവിലം : അഴൂർ, കിഴുവിലം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ചിറയിൻകീഴ്- കോരാണി, അഴൂർ- ശാസ്തവട്ടം എന്ന രണ്ട് പി.ഡബ്ലിയു.ഡി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് എന്ന പ്രത്യേകതയും ഈ റോഡിനുണ്ട്. മഴപെയ്തതോടെ പൊട്ടിപ്പൊളിഞ്ഞ റോഡ് ചെളിക്കുഴിയായി മാറി. അനേകവർഷങ്ങളായി ഈ റോഡ് റീടാർ ചെയ്യാത്തതിൽ നാട്ടിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ടാറും മെറ്റലും ഇളകി ഗട്ടറുകൾ രൂപപ്പെട്ടിട്ട് നാളേറെയായി. 6 സ്വകാര്യ ബസുകളും 3 കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്ന ഈ റോഡിൽ ധാരാളം സ്കൂൾ-കോളേജ് ബസുകളും സർവീസ് നടത്തുന്നുണ്ട്.

നേരത്തെ പറഞ്ഞ രണ്ട് പി.ഡബ്ലിയു.ഡി.റോഡുകളും പുതുക്കി പണിയുന്നതിനായി നാഷണൽ ഹൈവേ ഫണ്ടിൽ നിന്നും കിഫ്‌ബി ഫണ്ടിൽ നിന്നും കോടിക്കണക്കിന് രൂപ അനുവദിക്കുകയും അതിന്റെ പണി നടന്നു വരികയുമാണ്. എന്നിട്ടും മുടപുരം-മുട്ടപ്പലം റോഡിനെ അവഗണിച്ചു.

2014 -ൽ വി. ശശി എം.എൽ.എ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡിന്റെ ഇരുവശവും ടാർ ചെയ്തു വീതി കൂട്ടിയതല്ലാതെ മറ്റ് ടാറിംഗ് പണികൾ ഒന്നും നടന്നിട്ടില്ല. റോഡിന്റെ പാർശ്വങ്ങൾ പലതും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി റോഡ് എത്രയും വേഗം ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.