നഗരൂരിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിയ സംഭവം, ഒരാൾ കൊല്ലപ്പെട്ടു : പ്രതിക്ക് വേണ്ടി ശക്തമായ തിരച്ചിൽ

നഗരൂർ : നഗരൂരിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തി മലർത്തി. നഗരൂർ, ഗേറ്റ്മുക്ക്, കുന്നിൽ വീട്ടിൽ സന്തോഷ്‌ (40) ആണ് ഭാര്യ സതി (35), ഭാര്യ മാതാവ് വസുമതി (65) എന്നിവരെ കുത്തി മലർത്തിയത്. ഇതിൽ വസുമതി മരണപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌ ഉണ്ട്.

ഇന്ന് രാത്രി 8അരയോടെയാണ് സംഭവം. സന്തോഷും ഭാര്യ സതിയും തമ്മിൽ നേരത്തെ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും സന്തോഷിനു സതിയെ സംശയമാണെന്നും ഇതിന് മുൻപ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചിട്ടുണ്ടെന്നും പറയുന്നു. അത്തരത്തിൽ നടന്ന കുടുംബ വഴക്കിനെ തുടർന്നാകും സന്തോഷ്‌ സതിയേയും വസുമതിയെയും കുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗേറ്റ് മുക്കിൽ ഒരു ഒഴിഞ്ഞ പ്രദേശത്താണ് ഇവരുടെ വീട്. കുത്തേറ്റ സ്ത്രീകളെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയെങ്കിലും കുത്തേറ്റവരുടെ നില ഗുരുതരമായതിനാൽ 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. വസുമതി മരണപ്പെട്ടെന്ന് സൂചന ഉണ്ടെങ്കിലും പൊലീസിന് ഔദ്യോഗികമായ വിവരം ലഭിക്കാത്തതിനാൽ സ്ഥിരീകരിച്ചിട്ടില്ല. ഇരുവരുടെയും വയറ്റിലും കയ്യിലുമൊക്കെ കുത്തേറ്റിട്ടുണ്ട്. കൃത്യം നടത്തിയ ഉടനെ പ്രതി മുങ്ങി. കല്ലമ്പലം, വട്ടപ്പാറ, നഗരൂർ, ആറ്റിങ്ങൽ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനിൽ നിന്നും ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണത്തിന് ഉത്തരവ് ഇറക്കിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സതിക്കും സന്തോഷിനും രണ്ടു മക്കളുണ്ട്