നാവായിക്കുളത്ത് പ്രളയത്തിൽ വീട് തകർന്ന മുല്ലജാക്ഷിക്ക് അടച്ചുറപ്പുള്ള വീട്

നാവായിക്കുളം : നാവായിക്കുളം പഞ്ചായത്തിലെ കുടുവൂർ കൂനംച്ചാൽ പാറമുകൾ സ്വദേശിനി മുല്ലജാക്ഷിയുടെ വീട് പ്രളയത്തിൽ നഷ്ടമായിരുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വീട് നഷ്ടമായ പ്രളയാബാധിതർക്ക് നിർമ്മിച്ച് നൽകുന്ന ജില്ലയിലെ അമ്പത് വീടുകളിലൊന്ന് മുല്ലജാക്ഷിയുടെതാണ്. നാവായിക്കുളം പഞ്ചായത്തിൽ പ്രളയത്തിൽ പൂർണമായും നശിച്ച ഏകവീടും ഇതാണ്. വീട് നഷ്ടമായതോടെ മുല്ലജാക്ഷിക്കും ഭർത്താവിനും ഏകമകനും അന്തിയുറങ്ങാൻ കൂര ഇല്ലാത്ത അവസ്ഥയായിരുന്നു.

സഹകരണ വകുപ്പ് കെയർഹോം പദ്ധതിയിലൂടെ ഏതാണ്ട് 7ലക്ഷം രൂപയോളം ചെലവഴിച്ചാണ് മുല്ലജാക്ഷിക്ക് എല്ലാ സൗകര്യത്തോടും കൂടിയ വീട് നിർമ്മിച്ചു നൽകിയത്. നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിനായിരുന്നു നിർമ്മാണ ചുമതല. ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ച 5 ലക്ഷം രൂപയ്ക്ക് പുറമേ ബാങ്ക് പ്രസിഡന്റ് ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ സഹകാരികൾ അടക്കമുള്ളവരിൽ നിന്ന് സംഭാവന കൂടി കണ്ടെത്തിയാണ് വീട് പൂർത്തീകരിച്ചത്. കാൽനടപോലും അസാധ്യമായ സ്ഥലത്താണ് മുല്ലജാക്ഷിയുടെ പുരയിടം എന്നതിനാൽ നിർമ്മാണ സാമഗ്രികൾ തലച്ചുമടായി കൊണ്ടുപോയാണ് നിർമ്മാണം പൂർത്തിയാക്കിയത്. അരുവിക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ രണ്ടാം ഘട്ട താക്കോൽവിതരണത്തിന് സജ്ജമായ 23 വീടുകളിലൊന്നായാണ് മുല്ലജാക്ഷിക്കും മന്ത്രി കടകംപള്ളിസുരേന്ദ്രൻ താക്കോൽ കൈമാറിയത്