ആത്മഹത്യ അല്ല, കൊന്നതാ! അതും കഴുത്ത് ഞെരിച്ച് : നെടുമങ്ങാട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 16 കാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌…

നെടുമങ്ങാട്: നെടുമങ്ങാട് പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടി  ജൂണ്‍ 11 ന് കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്‍റെ വീട്ടിന് മുന്നിലെ പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പൊലീസ് സംഘം സ്ഥലത്തെത്തി ശരീരം പുറത്തെടുത്തു.

അമ്മ മഞ്ജുഷയ്ക്കും സുഹൃത്ത് അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. കുട്ടി ആത്മഹത്യ ചെയ്തെന്നായിരുന്നു ചോദ്യം ചെയ്യലില്‍ മഞ്ജുഷ പറഞ്ഞത്. വഴക്കുപറ‍ഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ബൈക്കിൽ കയറ്റി അനീഷിന്‍റെ വീട്ടിനടുത്ത് എത്തിച്ച് കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി.

മകൾ ഒളിച്ചോടിയെന്നും കുട്ടിയെ തേടി താൻ തിരുപ്പതിയിൽ വന്നിരിക്കുകയാണെന്നും കഴിഞ്ഞ 13ന് മഞ്ജുഷ വീട്ടിൽ വിളിച്ചറിയിച്ചിരുന്നു. അമ്മയെക്കുറിച്ചും പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ മഞ്ജുഷയുടെ അച്ഛൻ 17ന് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിനൊടുവിൽ മഞ്ജുഷയേയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.