40അടി താഴ്ചയുള്ള കിണറ്റിനുള്ളിൽ വീണ വയോധികനെ രക്ഷിച്ചു

വർക്കല:  കിണറ്റിനുള്ളിൽ വീണ വയോധികനെ അഗ്നിരക്ഷാസേന രക്ഷിച്ചു. വർക്കല കോട്ടുമൂല ചരുവിള വീട്ടിൽ ജമാലുദീൻ(80) ആണ് വീടിനു സമീപത്തെ ആൾമറയില്ലാത്ത 40 അടിയിലധികം ആഴമുള്ള കിണറ്റിൽ വീണത്. വെള്ളമില്ലാത്തതും അപകടനിലയിലുള്ളതുമായ കിണറ്റിൽ വീണ് ജമാലുദീന് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് ലീഡിങ് ഫയർമാൻ ഡി.രാജന്റെ നേതൃത്വത്തിൽ വർക്കല അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഫയർമാൻ വിനീഷ് സാഹസികമായി കിണറ്റിലിറങ്ങി ജമാലുദീനെ കരയ്ക്കെത്തിക്കുകയായിരുന്നു. ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഫയർമാൻ വിനീഷിന്റെ കാലിനും പരിക്കേറ്റു