‘എന്ത് കൊണ്ട് മാവിന്റെ ഒരു ഭാഗത്തെ കൊമ്പ് ചാഞ്ഞ് നിൽക്കുന്നു??’ പിസി മുസ്‌തഫയ്ക്ക് പിതാവ് നൽകിയ ഉത്തരവും ആശയവും വൈറൽ ആകുന്നു…

യുവ തലമുറയ്ക്ക് ഏറെ പ്രചോദനം നൽകുന്ന വ്യക്തിയാണ് പിസി മുസ്തഫ. വയനാട് സ്വദേശിയായ അദ്ദേഹം 6ആം ക്ലാസിൽ പഠിപ്പ് നിർത്തിയെങ്കിലും പിന്നീട് ഉന്നത പഠനം നടത്തുകയും ഐഡി ഫ്രഷ് എന്ന സ്ഥാപനത്തിലൂടെ ഇഡലി, ദോശ മാവ് വിറ്റ് അതിലൂടെ ഒരു പ്രമുഖ യുവ വ്യവസായിയായി മാറുകയും ചെയ്തു. ഇന്ന് അദ്ദേഹം നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമയാണ്. അദ്ദേഹം ഈ കഴിഞ്ഞ ദിവസം “father’s day” യിൽ ലിങ്ക്ഡ് ഇൻ എന്ന സോഷ്യൽ പ്ലാറ്റഫോമിൽ കുറിച്ച വാക്കുകൾ ഒരൊറ്റ ദിവസം കൊണ്ട് 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു..

അദ്ദേഹത്തിന്റെ പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെ :

അദ്ദേഹം കുഞ്ഞായിരുന്നപ്പോൾ മുറ്റത്തെ മാവിൽ നോക്കി അദ്ദേഹത്തിന്റെ അച്ഛൻ ചോദിച്ചു അതിൽ ഏതു ഭാഗത്തെ ശിഖരമാണ് കൂടുതൽ ചാഞ്ഞ് നിൽക്കുന്നത്. വലത് ഭാഗമെന്ന് പിസി മുസ്തഫ പറഞ്ഞു. എന്നാൽ അച്ഛന്റെ അടുത്ത ചോദ്യത്തിന് ഉത്തരം പറയാൻ പിസി മുസ്തഫയ്ക്ക് കഴിഞ്ഞില്ല. അച്ഛന്റെ ചോദ്യം ഇതായിരുന്നു ‘ എന്ത് കൊണ്ടാണ് വലത് ഭാഗം കൂടുതൽ ചാഞ്ഞ് നിൽക്കുന്നത്?. എന്നാൽ അതിന്റെ ഉത്തരവും അച്ഛൻ തന്നെ പറഞ്ഞു കൊടുത്തു, അതായത് കൂടുതൽ മാങ്ങ ഉള്ളത് കൊണ്ടാണ് വലത് ഭാഗം ഭൂമിയോട് കൂടുതൽ ചാഞ്ഞ് നിൽക്കുന്നതെന്ന്. അന്ന് അച്ഛൻ പറഞ്ഞ വാക്കുകളിൽ നിന്ന് പ്രത്യേകിച്ചൊന്നും അദ്ദേഹത്തിന് മനസ്സിലായില്ല.
വർഷങ്ങൾക്കിപ്പുറം ഒരുനാൾ ബിൽ ഗേറ്റ്സ്, അസിം പ്രേംജി തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പിസി മുസ്തഫയ്ക്ക് പങ്കെടുക്കാൻ ഭാഗ്യം കിട്ടി. അവർക്കൊപ്പം ചിലവിട്ട നിമിഷങ്ങൾ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളായിരുന്നു. എന്നാൽ ഉന്നതങ്ങളിൽ ജീവിതം പുലർത്തുന്ന ഈ പ്രമുഖർ വളരെ ലാളിത്യ മനോഭാവത്തോടെ പെരുമാറിയത് പിസിയെ ആശ്ചര്യപ്പെടുത്തി. ഏതുപോലെ, കൂടുതൽ മാങ്ങ ഉള്ള മാവിന്റെ ശിഖരം ഭൂമിയിലേക്ക് കൂടുതൽ ചാഞ്ഞ് നിൽക്കുന്ന പോലെ.
അപ്പോഴാണ് അച്ഛന്റെ വാക്കുകളുടെ ആശയം അദ്ദേഹത്തിന് മനസ്സിലായത്. എത്ര അവാർഡുകൾ കിട്ടിയാലും ഉന്നതങ്ങളിൽ എത്തിയാലും നിറയെ മാങ്ങ ഉള്ള ശിഖരം ഭൂമിയിലേക്ക് ചാഞ്ഞ് നിൽക്കുന്ന പോലെ ഭൂമിയിലെ മനുഷ്യർക്ക് എത്തിപ്പിടിക്കാൻ പാകത്തിലാവണം നമ്മളും എന്ന് പറഞ്ഞ് പിസി മുസ്തഫ ഒരു വലിയ ഉപദേശം നൽകി പോസ്റ്റ്‌ അവസാനിപ്പിച്ചു.