മംഗലപുരം കൈലത്തുകോണം വാർഡിൽ ട്രാൻസ്‌ഫോർമർ ഫാക്ടറി നിർമാണത്തിനെതിരെ നാട്ടുകാർ

മംഗലപുരം : മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കൈലത്തുകോണം വാർഡിൽ സ്ഥാപിക്കുവാനിരിക്കുന്ന ട്രാൻസ്‌ഫോർമർ നിർമ്മാണ ഫാക്ടറിക്കെതിരെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്ത്. ഇതിനായി പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.35 സെന്റ് സ്ഥലത്ത് ഇത്രയും വലിയ ഒരു ഫാക്ടറി സ്ഥാപിച്ചാൽ മാലിന്യ നിർമ്മാർജനം, മാലിന്യ നിയന്ത്രണം, തീപിടിത്ത സാദ്ധ്യത തുടങ്ങിയവയുടെ കാര്യത്തിലും നാട്ടുകാർക്ക് ആശങ്കയുണ്ട്. മംഗലപുരം, അഴൂർ, കിഴുവിലം എന്നീ മൂന്നു പഞ്ചായത്തുകളിലുമായി മുന്നൂറു മീറ്റർ ചുറ്റളവിൽ മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഫാക്ടറി സ്ഥാപിക്കുവാൻ പോകുന്നത്. ഫാക്ടറി ചുറ്റുമതിലിനോട് ചേർന്നും തോട്ടടുത്തായും മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സമീപ ഭാവിയിൽ കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഫാക്ടറി വികസിപ്പിക്കുവാനുള്ള സാദ്ധ്യതയും ഉണ്ട്. അങ്ങനെ സംഭവിച്ചാൽ പ്രദേശവാസികൾ കൂട്ടമായി ഒഴിഞ്ഞു പോകേണ്ടി വരുമെന്നും ജനങ്ങൾ ഭയപ്പെടുന്നതായി പരാതിയിൽ പറയുന്നു. അതിനാൽ കൈലത്തുകോണത്ത് ട്രാൻസ്‌ഫോർമർ നിർമാണ ഫാക്ടറി സ്ഥാപിക്കുവാൻ പാടില്ലെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.