പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നൽകിയ ആംബുലൻസ് എവിടെ?

പെരുമാതുറ : ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന് കീഴിൽ പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി മുൻ എംപി ഡോ എ. സമ്പത്ത് പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് എവിടെയെന്നു നാട്ടുകാർ ചോദിക്കുന്നു. ഉദ്ഘാടനം ആഘോഷമാക്കി ആംബുലൻസ് അശുപത്രിക്ക് കൈമാറിയെങ്കിലും പിന്നെ ആ ആംബുലൻസ് ആരും കണ്ടില്ലത്രേ. രജിസ്ട്രേഷൻ നടപടികൾക്കായി കൊണ്ട് പോകുന്നുവെന്ന് പറഞ്ഞ് അധീകൃതർ ആംബുലൻസ് കൊണ്ടുപോയി. എന്നാൽ 3 മാസം കഴിഞ്ഞിട്ടും ആംബുലൻസ് തിരികെ എത്താത്തത് ജനങ്ങൾക്കിടയിൽ ആശങ്കയും ആശ്ചര്യവുമുണ്ട്. തുടക്കത്തിൽ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും ആംബുലൻസ് നൽകി സമ്പൂർണ്ണ ആംബുലൻസ് സേവന മണ്ഡലമെന്ന പ്രഖ്യാപനം നടത്തിയപ്പോൾ പെരുമാതുറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഒഴിവാക്കിയെന്ന് ജനങ്ങൾ ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് പെരുമാതുറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും ആംബുലൻസ് അനുവദിച്ചത്.