വന്യജീവി സംരക്ഷണം കാര്യക്ഷമമാക്കും‍: മുഖ്യമന്ത്രി

വനത്തിനുള്ളില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യമൃഗങ്ങള്‍ക്ക് വേനല്‍ക്കാലും‍ കാട്ടില്‍ സുലഭമായി വെള്ളം ലഭിക്കുന്നതിന് 441 ജലസംഭരണികളും ചെക്കു ഡാമുകളും നിര്‍മ്മിച്ചു കഴിഞ്ഞു. അടുത്തിടെയായി വര്‍ധിച്ചു വരുന്ന മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നത്് ലക്ഷ്യമിട്ടുകൊണ്ടു കൂടിയാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. വനവിസ്തൃതിയില്‍ വന്ന കുറവും വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കൃഷിരീതികളും, അവിടങ്ങളില്‍ കൂടുന്ന ജനസാന്ദ്രതയും , വന്യജീവികളുടെ സഞ്ചാരപാതകളിലുണ്ടായ വ്യതിയാനങ്ങളും മനുഷ്യ വന്യജീവി സംഘര്‍ഷം കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. ഇത് തടയുന്നതിനായി എസ് എം എസ് അലര്‍ട്ട്, ജാഗ്രതാസമിതികള്‍ വഴി പൊതുജനപങ്കാളിത്തത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനം എന്നിവ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണോദ്ഘാടനം കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനവാസകേന്ദ്രത്തില്‍ എത്തുന്ന ആനകള്‍ക്കു പുറമേ, ക്രൂരതക്കിരയാവുന്ന നാട്ടാനകളെയും ഒറ്റപ്പെടുന്ന കുട്ടിയാനകളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സമാനമായ രീതിയില്‍ തന്നെ സംരക്ഷിച്ചു പരിപാലിക്കുക എന്നതാണ് ഈ ആനപുരധിവാസകേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനൊടൊപ്പം കാട്ടാനകള്‍ക്കായി മൂന്നാറില്‍ 600 ഹെക്ടര്‍ ഭൂമിയില്‍ സങ്കേതമൊരുക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ഇത്തരത്തില്‍ സമഗ്രമായ നടപടികളാണ് വന്യമൃഗസംരക്ഷണത്തിനായി സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ദേശീയ മൃഗമെന്ന നിലയില്‍ ആനകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കേണ്ടതുണ്ട്. കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയിലാണ് കേന്ദ്രമെങ്കിലും ഇതില്‍ 57 ഹെക്ടര്‍ സ്ഥലത്തുമാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അതുവഴി അവയുടെ സ്വതന്ത്രവിഹാരത്തിനുള്ള സാധ്യത ഉറപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. കാപ്പുകാട് ആനപരിപാലന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും എന്ന്്് രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തിന്റെ നിറവേറ്റല്‍ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അഞ്ഞൂറോളം വനവാസികള്‍ക്ക് വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവേ വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. ഭൂമി സംബന്ധമായ പ്രശ്‌നങ്ങളൊഴികെയുള്ള വനവാസികളുടെ പ്രശ്‌നപരിഹാരത്തിന് വനംവകുപ്പ് അദാലത്ത് സംഘടിപ്പിക്കുമെന്നും ആദ്യ അദാലത്ത് തിരുവനന്തപുരം ജില്ലയിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാപ്പുകാട് ആനപുനരധിവാസ കേന്ദ്രമാണ് 1085 കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളായി നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക.. ആദ്യഘട്ടത്തിലെ 71.9 കോടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങള്‍,ആന മ്യൂസിയം, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി , പ്രകൃതി സ്‌നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം,എന്‍ട്രന്‍സ് പ്‌ളാസ, അഡ്മിനിസട്രേറ്റീവ് ഓഫീസ്, സന്ദര്‍കര്‍ക്കായി പാര്‍ക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക് , വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയററര്‍, നെയ്യാര്‍ ഡാമില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങള്‍, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍, ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള, ഭക്ഷണം നല്‍കുന്നതിനുള്ള ഇടം, നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും . ആനപിണ്ഡത്തില്‍ നിന്ന് പേപ്പര്‍ ഉണ്ടാക്കുന്ന യൂണിറ്റ് ,ആനപാപ്പാന്‍മാര്‍ക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാര്‍ട്ടേഴ്‌സുകളും ഡോര്‍മിറ്ററികളും ഇവിടെ ഉണ്ടായിരിക്കും. ഭവന നിര്‍മ്മാണ ബോര്‍ഡിന് നിര്‍മ്മാണ ചുമതലയുള്ള പദ്ധതി 2021ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ഈ പ്രദേശം മാറുന്നതോടൊപ്പം നെയ്യാര്‍ ഡാം മേഖലയിലെ വനം വകുപ്പിന്റെയും, ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവര്‍ഷം 3.5 ലക്ഷത്തിലധികം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അടൂര്‍ പ്രകാശ് എം പി്, എം എല്‍ എമാരായ കെ എസ് ശബരിനാഥന്‍,സി കെ ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, മുഖ്യ വനംമേധാവി പി കെ കേശവന്‍,ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, കാപ്പുകാട് ആന പരിപാലനകേന്ദ്രം സ്‌പെഷ്യല്‍ ഓഫീസര്‍ കെ ജി വര്‍ഗീസ്,എ ബി പി സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനൂപ് കെ ആര്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.